കോവിഡ്19: മലപ്പുറംജില്ലയില്‍ 44പേര്‍ ആശുപത്രിവിട്ടു

കോവിഡ്19:  മലപ്പുറംജില്ലയില്‍  44പേര്‍ ആശുപത്രിവിട്ടു

മലപ്പുറം: കോവിഡ് 19 വൈറസ് മുന്‍കരുതല്‍ നടപടികള്‍ മലപ്പുറം ജില്ലയില്‍ പുരോഗമിക്കുന്നു. ഇതുവരെ ആര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് വ്യക്തമാക്കി. രോഗ ലക്ഷണങ്ങളില്ലാത്ത 44 പേരെ ആരോഗ്യ സ്ഥിതി ഉറപ്പുവരുത്തിയ ശേഷം ഇന്നലെ വീടുകളിലെ സ്വയം നിരീക്ഷണത്തിലേക്കു മാറ്റി. ജില്ലയിലിപ്പോള്‍ 184 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 29 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 155 പേര്‍ വീടുകളിലുമാണ്. 39 പേര്‍ക്ക് ഇന്നലെ മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. വിദഗ്ധ പരിശോധനക്കയച്ച 167 സാമ്പിളുകളില്‍ 83 പേരുടെ ഫലം ലഭിച്ചു. ഇതില്‍ ആര്‍ക്കും വൈറസ് ബാധയില്ല.
വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് 19 ലക്ഷണങ്ങള്‍ പ്രത്യേക്ഷമായി കാണുന്നവരും മറ്റു ലക്ഷണങ്ങളുള്ളവരും നിര്‍ബന്ധമായും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രത്യേക നിരീക്ഷണത്തിനു വിധേയരാവണം. ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളുള്ളവര്‍ വീടുകളില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഇങ്ങനെയുള്ളവര്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ സെല്ലിന്റെ സേവനം ഉറപ്പാക്കും. പ്രാദേശികമായുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍വഴി വീടുകളില്‍ കഴിയുന്നവരുടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പു വരുത്തും.
പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ച് പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് പോലീസിന്റെ സഹായവും ഉറപ്പാക്കും. ഐസൊലേഷന്‍ വാര്‍ഡ് ആരംഭിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ സംഘവുമായി രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 7593843626 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാം. ജില്ലാതല കണ്‍ട്രോള്‍ റൂമിലെ 0483 2737858 എന്ന നമ്പറില്‍ വിളിച്ചും ാരറാഹുാഴാമശഹ.രീാ എന്ന മെയില്‍ വഴിയും സംശയ ദൂരീകരണം നടത്താം.
ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍. പ്രസാദ് തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!