ആത്മവിശ്വാസം, കരുത്ത്! മലപ്പുറം വഴിക്കടവുകാരി നുസ്റത്തിനെ ഇങ്ങനെ വിശേഷിപ്പിക്കാം

ആത്മവിശ്വാസം, കരുത്ത്!  മലപ്പുറം വഴിക്കടവുകാരി നുസ്റത്തിനെ ഇങ്ങനെ വിശേഷിപ്പിക്കാം

നിലമ്പൂര്‍: ആത്മവിശ്വാസം, കരുത്ത്! നുസ്റത്തിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അല്ലെങ്കില്‍ തനിക്കൊപ്പം അനുജനും വീല്‍ചെയറിലേക്കുവീണപ്പോള്‍ തളര്‍ന്നുപോയ കുടുംബത്തെ ആ പെണ്‍കുട്ടി സന്തോഷത്തിലേക്ക് തിരിച്ചെത്തിക്കുന്നതെങ്ങനെ? വഴിക്കടവ് വേങ്ങാപാടം മരുത മുതിരക്കുളവന്‍ വീട്ടില്‍ കോയറംലത്ത് ദമ്പതികളുടെ മകളാണ് കുടുംബത്തിന് വരുമാനമാര്‍ഗവും സമൂഹത്തിന് പ്രചോദനവുമാകുന്നത്. നാലാം വയസിലാണ് നുസ്റത്തിന് ജീവിതം കൈവിട്ടുപോയത്. പേശികളുടെ ബലം ക്ഷയിക്കുകയായിരുന്നു. സ്‌കൂളില്‍ പോകാന്‍ സാധിക്കാതെ ആ കുരുന്ന് ദിവസങ്ങളോളം കരഞ്ഞു. ഇതുകണ്ട അയല്‍വാസിയായ ചന്ദ്രബാബുവാണ് അവളെ അക്ഷരലോകത്തെത്തിച്ചത്. വീട്ടിലിരുന്നായിരുന്നു പഠനം. മരുത ജിയുപി സ്‌കൂളില്‍ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയശേഷം പാലേമാട് ഹൈസ്‌കൂളില്‍ ചേര്‍ന്നെങ്കിലും രണ്ടാംനിലയിലേക്ക് കയറാനാകാത്തതിനാല്‍ പഠനം മുറിഞ്ഞു. അതോടെ ജീവിതം വീട്ടില്‍. ഇവരുടെ മറ്റ് മക്കളായ നജ്മുന്നീസയും റഷീദും സ്‌കൂളില്‍നിന്ന് വന്നശേഷം പറഞ്ഞുകൊടുക്കുന്നതായിരുന്നു അറിവ്. ഇതിനിടെയാണ് ഇളയ സഹോദരന്‍ റിഷാദ് ജനിച്ചത്. നുസ്‌റത്തിന്റെ അസുഖം തന്നെയായിരുന്നു അവനും.

കരഞ്ഞുതളര്‍ന്ന് കുടുംബം

രണ്ട് മക്കള്‍ക്കും ഒരേ അസുഖമായതോടെ റംലത്തിന്റെ കണ്ണീരിന് ശമനമുണ്ടായിരുന്നില്ല. ആദ്യം പകച്ചെങ്കിലും ഭാര്യയും ഭര്‍ത്താവും അതിനെയെല്ലാം തരണംചെയ്ത് മക്കള്‍ക്ക് പ്രതീക്ഷപകര്‍ന്നു. ചുങ്കത്തറയിലെ സ്‌നേഹതീരം പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ഫിസിയോതെറപ്പിക്ക് പോയതോടെയാണ് നുസ്‌റത്തിന്റെ ജീവിതം മാറുന്നത്. സ്‌നേഹതീരത്തിന്റെ ‘പകല്‍വീട്’ അവള്‍ക്ക് വലിയ ആശ്വാസമായി. സ്‌നേഹതീരം പ്രവര്‍ത്തകരാണ് അവളെ വീണ്ടും പഠിപ്പിച്ചത്. അങ്ങനെ പത്താം ക്ലാസ് നല്ല മാര്‍ക്കോടെ ജയിച്ചു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. ചുങ്കത്തറ അക്ഷയ സെന്ററിനുകീഴില്‍ കംപ്യൂട്ടര്‍ പഠനവും തുടങ്ങി. ഇപ്പോള്‍ കംപ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് ചെയ്യുന്നു.

ജീവിതവിജയമെത്തിച്ച മാളു സ്റ്റോര്‍

2007-ലാണ് നുസ്റത്ത് വീടിനടുത്ത് ‘മാളു സ്റ്റോര്‍’ തുടങ്ങുന്നത്. സ്റ്റേഷനറി, ഫാന്‍സി, കളിപ്പാട്ടങ്ങള്‍, ബാഗുകള്‍, മൊബൈല്‍ റീ ചാര്‍ജ് കൂപ്പണ്‍ എന്നിവയാണ് വില്‍പ്പന. വീട്ടിലിരുന്ന് മടുത്തപ്പോള്‍ തുടങ്ങിയ കച്ചവടം ഇന്ന് പ്രധാന വരുമാനമാര്‍ഗമാണ്. ഇലക്ട്രോണിക് വീല്‍ചെയറിലിരുന്നാണ് നുസ്‌റത്തിന്റെ വില്‍പ്പന. പരപ്പനങ്ങാടി ഫെയ്‌സ് ഫൗണ്ടേഷനാണ് ഇലക്ട്രോണിക് വീല്‍ചെയറും ലാപ്‌ടോപ്പും നല്‍കിയത്.
യാത്ര, എഴുത്ത് വീല്‍ചെയര്‍ കിട്ടിയതോടെയാണ് നുസ്റത്ത് ഒറ്റക്ക് യാത്ര തുടങ്ങിയത്. ഇന്ന് നാട്ടിലെ സാന്ത്വന പ്രവര്‍ത്തനങ്ങളിലെല്ലാം മുന്നിലുണ്ട്. കച്ചവടത്തിനിടെ വീണുകിട്ടുന്ന സമയങ്ങളിലാണ് എഴുത്ത് തുടങ്ങിയത്. രണ്ട് വര്‍ഷംകൊണ്ട് അവള്‍ എഴുതിത്തീര്‍ത്തത് ‘നദി പിന്നെയും ഒഴുകുന്നു’ എന്ന ആത്മകഥയാണ്. പുസ്തകം ഇറങ്ങി പത്തുമാസത്തോളം വിപണിയില്‍ വിറ്റഴിഞ്ഞതിനുശേഷമായിരുന്നു പ്രകാശനം. സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

Sharing is caring!