മലപ്പുറം മൂന്നിയൂരില്‍ പിഞ്ചു കുട്ടിയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച അങ്കനവാടി ടീച്ചര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം   മൂന്നിയൂരില്‍ പിഞ്ചു കുട്ടിയെ അക്രമിച്ചു  പരിക്കേല്‍പ്പിച്ച അങ്കനവാടി  ടീച്ചര്‍ക്ക് സസ്പെന്‍ഷന്‍

തിരൂരങ്ങാടി: പിഞ്ചു കുട്ടിയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച അങ്കനവാടി ടീച്ചര്‍ക്ക് സസ്പെന്‍ഷന്‍. മൂന്നിയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നെച്ചിക്കാട്ട് 112-ാം നമ്പര്‍ അങ്കനവാടിയിലെ ടീച്ചര്‍ നെച്ചിക്കാട്ട് അമ്പലത്തിനടുത്ത് ക്വാട്ടേഴ്സില്‍ താമസിക്കുന്ന പ്രസന്നയെയാണ് സസ്പെന്റ് ചെയ്തത്. മൂന്നിയൂര്‍ പടിക്കല്‍ സ്വദേശി ചോനാരി വെള്ളിക്കോത്ത് അബ്ദുല്‍ സലാമിന്റെ മകള്‍ മൂന്ന് വയസ്സുകാരി ഫൈസ ഫര്‍ഹയെ ടീച്ചര്‍ രണ്ട് കവിളത്തും കാലിലും നുള്ളിപരിക്കേല്‍പ്പിച്ചുവെന്ന് കാണിച്ച് മാതാവ് റസീന തിരൂരങ്ങാടി സി.ഡി.പി.ഒ.ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
2020 ഫെബ്രുവരി 15-ന് ശനിയാഴ്ച്ച അങ്കനവാടിയുടെ അകത്ത് ഫൈസ ഫര്‍ഹ മൂത്രമൊഴിച്ചെന്ന കാരണത്തിനാണ് കുട്ടിയുടെ രണ്ട് മുഖത്തും ടീച്ചര്‍ നുള്ളി പരിക്കേല്‍പ്പിച്ചത്. മുഖത്ത് ആഴത്തില്‍ നഖം പതിക്കുകയും രക്തം വരികയും ചെയ്തിരുന്നു. രണ്ട് മുഖത്തും കാലിലും പാടുകളുണ്ടായിരുന്നതിനെ തുടന്നാണ് മാതാവ് റസീന സി.ഡി.പി.ഒ.ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന്‌നടത്തിയ അന്വേഷണത്തില്‍ പരാതി യാഥാര്‍ത്ഥ്യമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ തിരൂരങ്ങാടി അസിസ്റ്റന്റ് സി.ഡി.പി.ഒ പ്രസന്ന ഇവരെ താല്‍ക്കാലികമായി സസ്പെന്റ് ചെയ്തത്.

Sharing is caring!