യു.പി പോലീസ് വെടിവച്ച് കൊന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് മുസ്ലിംലീഗിന്റെ ധനസഹായം

യു.പി പോലീസ്  വെടിവച്ച് കൊന്നവരുടെ  കുടുംബാംഗങ്ങള്‍ക്ക്  മുസ്ലിംലീഗിന്റെ ധനസഹായം

മീററ്റ്: പൗരത്വ നിയമവിരുദ്ധ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ യു പി പോലീസ് വെടി വച്ച് കൊന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം. മീററ്റ്, കാണ്‍പൂര്‍, ബിജ് നോര്‍ എന്നിവിടങ്ങളില്‍ നിന്നു പോലീസ് വെടി വച്ച് കൊന്ന് പത്ത് പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതമാണ് നല്‍കിയത്. സുലൈമാന്‍, അനസ്(ബിജ് നോര്‍) മുഹമ്മദ് അഫ്താബ്, മുഹമ്മദ് സൈഫ്, മുഹമ്മദ് റഈസ് (കാണ്‍പൂര്‍ ) മുഹ്സിന്‍, ജഹീര്‍, അലിം, ആസിഫ്, മുഹമ്മദ് ആസിഫ് (മീററ്റ് ) എന്നിവര്‍ക്കുള്ള ധനസഹായമാണ് വിതരണം ചെയ്തത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ സമരത്തെ കേട്ടുകേള്‍വിയിലാത്ത രൂപത്തിലാണ് യോഗി ആദിത്യ നാഥ് അടിച്ചമര്‍ത്തിയത്. 22 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ 22 പേരുടെയും കുടുംബങ്ങളെയും സഹായിക്കാനാണ് മുസ്ലിം ലീഗ് തീരുമാനം. ഭരണകൂട ഭീകരത അരങ്ങേറിയ അടുത്ത ദിവസം തന്നെ പാര്‍ട്ടി ദേശീയ നേതൃത്വം നിയോഗിച്ച യൂത്ത് ലീഗ്, എം എസ് എഫ് പ്രതിനിധി സംഘം യു പി യിലെത്തിയിരുന്നു. ഇവര്‍ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് സമര്‍പ്പിച്ചു. പിന്നീട് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ എം പി മാരടങ്ങുന്ന ഉന്നതതല നേതൃ സംഘം മീററ്റിലെത്തിയിരുന്നു. അന്ന് പാര്‍ട്ടി ഉന്നതാധികാര സമിതി എടുത്ത തീരുമാന പ്രകാരം കേരളത്തില്‍ നടത്തിയ യു പി, മംഗലാപുരം സഹായ ഫണ്ടില്‍ നിന്നാണ് തുക വിതരണം ചെയ്തത്.

ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ മീററ്റില്‍ ധനസഹായ വിതരണം ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എം പി, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് , നവാസ് ഗനി എം പി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധനസഹായ വിതരണം നടന്നത്. മുസ്ലിം ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഇഖ്ബാല്‍ അഹമ്മദ് സ്വാഗതം പറഞ്ഞു.

മുദ്രാവാക്യം വിളികളോടെയാണ് ചടങ്ങിനെത്തിയ നേതാക്കളെ മീററ്റിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. യോഗി പോലീസ് കൊന്നു തള്ളിയ മനുഷ്യരുടെ കുടുംബത്തിന്റെ കൂടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. യു പി പോലീസിന്റെ ഭരണകൂട ഭീകരത മുസ്ലിം ലീഗ് ശക്തമായി പാര്‍ലമെന്റിലും മനുഷ്യാവകാശ കമ്മീഷന്റെ മുന്നിലും എത്തിച്ചിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്കു വേണ്ടിയും മുസ്ലിം ലീഗ് ആവുന്നതൊക്കെ ചെയ്തു വരികയാണ്. രാജ്യമാകെ അശാന്തി വിതക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. കരിനിയമങ്ങളിലൂടെ ഒരു വിഭാഗത്തിന് പൗരാവകാശങ്ങള്‍ നിക്ഷേധിക്കാനുള്ള നീക്കം അനുവദിക്കുന്ന പ്രശ്നമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസല്‍ ബാബു, യു പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍, മുസ്ലിം ലീഗ് എക്സിക്യുട്ടീവ് അംഗം മതീന്‍ ഖാന്‍, എം എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ട് പി വി അഹമ്മദ് സാജു, സിറാജുദീന്‍ നദ് വി, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍, എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കൈസര്‍ അബ്ബാസ്, മീററ്റ് സിറ്റി മുസ്ലിം ലീഗ് പ്രസിഡണ്ട് ഇദ്രീസ് മുഹമ്മദ്, കാണ്‍പൂര്‍ ജില്ലാ പ്രസിഡണ്ട് ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!