ഡല്‍ഹി കലാപം; സോണിയ ഗാന്ധിയുമായി മുനവ്വറലി തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തി

ഡല്‍ഹി കലാപം; സോണിയ ഗാന്ധിയുമായി  മുനവ്വറലി തങ്ങള്‍  കൂടിക്കാഴ്ച്ച നടത്തി

മലപ്പുറം: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തി. ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതായിരുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സോണിയാ ഗാന്ധിയുമായി ഡല്‍ഹിയില്‍ വെച്ച് ഞങ്ങള്‍ നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതായിരുന്നു.അവരുടെ ആത്മാര്‍ത്ഥത സ്ഫുരിക്കുന്ന വാക്കുകള്‍ ഒരു നേതാവ്,അഥവാ പക്വമായ ഒരു നേതൃത്വം എന്തായിരിക്കണമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു. നെഹ്റു കുടുംബത്തിന്റെ കുലീനതയും വിവേകവും വിജ്ഞാനവും അവരില്‍ നമുക്ക് കാണാനാകുന്നു.അവരുടെ ഓരോ വാക്കുകളും ധീരമായിരുന്നു.

‘ബിജെപി മുന്‍പ് ഭരിച്ചിരുന്നപ്പോള്‍ പോലും ജനങ്ങള്‍ ഇത്രമാത്രം അസ്വസ്ഥരായിരുന്നില്ല.എന്നാലിന്ന്,ആര്‍എസ്എസ് നേരിട്ടാണ് രാജ്യം ഭരിക്കുന്നത്.എക്സിക്യുട്ടീവും ജുഡീഷ്യറിയുമുള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളിലും മാധ്യമങ്ങളുമടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടാവുന്നു. ജനാധിപത്യത്തിന്റെ കില്ലര്‍ സംഘമാണിന്ന് ഇന്ത്യ ഭരിക്കുന്നത്. ഈ ഭരണത്തില്‍ രാജ്യം ഒരു ഏകാധിപത്യ സ്റ്റേറ്റ് ആയിരിക്കുന്നു’.അവരുടെ വാക്കുകളില്‍ ചെറിയ നിരാശ കലരുന്ന പോലെ ഞങ്ങള്‍ക്കനുഭവപ്പെട്ടു. അപ്പോഴും പക്ഷേ രാജ്യത്തെ സൗഹാര്‍ദം തകര്‍ക്കുന്ന കലാപങ്ങളെ ശക്തമായ രീതിയില്‍ അവര്‍ അപലപിക്കുന്നു.

രാഷ്ട്രപതിയെ കണ്ട്, അമിത് ഷാ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച്, ഈ പോരാട്ടത്തിന് മുമ്പില്‍ സോണിയാ ഗാന്ധിയുണ്ട്. ഈ ആസുര കാലത്ത് അത് നമുക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇപ്പോഴും സെക്യുലര്‍ ഭാരതത്തിന്റെ ഐക്കണായി അവര്‍ നമുക്ക് പ്രതീക്ഷയുടെ ഊര്‍ജ്ജം പകര്‍ന്നു നല്‍കുന്നു. പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി മികച്ച ബന്ധം സൂക്ഷിച്ചിരുന്ന ഒരു നേതാവ് കൂടിയാണ് അവര്‍.മകനാണെന്നറിഞ്ഞപ്പോള്‍ വലിയ വാത്സല്യത്തോടെ അവര്‍ സംസാരിക്കുകയുണ്ടായി.സോണിയാജിക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു. മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Sharing is caring!