കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഡല്‍ഹിയിലെ അക്രമ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ അറിവോടെയായിരുന്നെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ മനസ്സ് തകര്‍ക്കുന്ന വര്‍ഗീയതക്കെതിരെ സമസ്ത മലപ്പുറം ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രാര്‍ഥനാ സദസ്സും രാഷ്ട്ര രക്ഷാ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ഡല്‍ഹിയുടെ തെരുവില്‍ പൈശാചികമായ അക്രമങ്ങള്‍ നടന്നിട്ടും പൊലീസ് നോക്കുകുത്തിയാവുകയാണ് ചെയ്തത്.
കലാപം പടര്‍ന്നു പിടിച്ചിട്ടും ഉത്തരവാദിത്വബോധമില്ലാതെ കേന്ദ്ര മന്ത്രിമാരും ഡല്‍ഹി പൊലീസും നിഷ്‌ക്രിയരായത് ലജ്ജാകരമാണ്. മാധ്യമങ്ങളെ പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വംശഹത്യയാണ് ഇവിടങ്ങളില്‍ നടന്നത്. ഭരണകൂടത്തിന്റെ ഈ ഉദാസീനമായ സമീപനം ആശങ്കാജനകമാണ്. അക്രമ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അനന്തമായി തുടരുകയാണന്നും നീചമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മനുഷ്യത്വമുള്ളവര്‍ ഒറ്റകെട്ടായി ശബ്ദിക്കണമെന്നും തങ്ങള്‍ പറഞ്ഞു
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത മലപ്പുറം ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സമാപന പ്രാര്‍ഥന നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി ഉബൈദുല്ല എം.എല്‍.എ, എ.പി അനില്‍ കുമാര്‍ എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ്, കെ. സുന്ദര്‍ രാജന്‍,യു ശാഫി ഹാജി സംസാരിച്ചു.

Sharing is caring!