വീടിന്റെ ജനല്‍വഴി സ്ത്രീയുടെ മൂന്നരപവന്‍ സ്വര്‍ണമാലയും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത പ്രതി അറസ്റ്റില്‍

വീടിന്റെ ജനല്‍വഴി  സ്ത്രീയുടെ മൂന്നരപവന്‍  സ്വര്‍ണമാലയും രണ്ടു  മൊബൈല്‍ ഫോണുകളും   കവര്‍ച്ച  ചെയ്ത പ്രതി  അറസ്റ്റില്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് വീടിന്റെ ജനല്‍വഴി സ്ത്രീയുടെ മൂന്നരപവന്‍ സ്വര്‍ണമാലയും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. നിരവധി ഭവനഭേദ കേസുകളിലും ബൈക്ക് മോഷണ കേസുകളിലും പ്രതിയായ ചേലക്കര സ്വദേശി പുതുവീട്ടില്‍ അബ്ദുള്‍ റഹീമിനെ(27)യാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി: പി.സി .ഹരിദാസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ ഐ.ഗിരീഷ്‌കുമാര്‍, എസ്.ഐ മഞ്ജിത് ലാല്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. നവംബര്‍ പത്തിനു രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.മുകളിലെ നിലയിലേക്കു അടുത്ത വീട്ടില്‍ നിന്നെടുത്ത കോണിവച്ച് കയറി മുറിയുടെ ജനല്‍ വഴിയാണ് സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച നടത്തിയത്. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ അങ്ങാടിപ്പുറം റെയില്‍വേ സേ്റ്റഷനില്‍ നിന്നു ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ മോഷണം പോയ കേസില്‍ അറസ്റ്റ് ചെയ്ത അബ്ദുള്‍ റഹീമിനെ സംഭവ ദിവസം ഉള്‍പ്പെടെ അങ്ങാടിപ്പുറത്ത് കണ്ടതായും വിവരം ലഭിച്ചു. അങ്ങാടിപ്പുറം ടൗണിലും സമീപ സ്ഥലങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തില്‍ പ്രതിയെകുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു പോലീസ് ചോദ്യം ചെയ്തതോടെ അബ്ദുള്‍ റഹീം കുറ്റം സമ്മതിക്കുകയായിരുന്നു. അങ്ങാടിപ്പുറത്തെ മോഷണക്കേസ് കൂടാതെ കുറ്റിപ്പുറം സേ്റ്റഷന്‍ പരിധിയില്‍ കോളജ് ഹോസ്റ്റലിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഹിമാലയ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് കൊടൈക്കനാലില്‍ വില്‍പന നടത്തിയതായും പോലീസിനോട് പറഞ്ഞു.അബ്ദുള്‍ റഹീമിന്റെ പേരില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ നിരവധി സേ്റ്റഷനുകളില്‍ ബൈക്ക് മോഷണക്കേസുകളും ഭവനഭേദനകേസുകളും പത്തു കിലോ കഞ്ചാവുമായി പാലക്കാട് എക്‌സൈസ് പിടികൂടിയ കേസും നിലവിലുണ്ട് . കൂട്ടുപ്രതി അങ്ങാടിപ്പുറം തിരൂര്‍ക്കാട് സ്വദേശിയും നിരവധി മോഷണക്കേസുകളില്‍ പ്രതിയുമായ ഓടുപറമ്പന്‍ അജ്മല്‍ മറ്റൊരു കേസില്‍പെട്ട് ജയിലിലാണ്. അജ്മലിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും മോഷ്ടിച്ച സ്വര്‍ണവും മൊബൈല്‍ ഫോണുകളും ബൈക്കുകളുംകണ്ടെക്കുമെന്നും ഡിവൈഎസ്പി പി.സി ഹരിദാസ് അറിയിച്ചു. പെരിന്തല്‍മണ്ണ സിഐ, എസ്‌ഐ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരന്‍, സി.എം.അബ്ദുള്‍ സലീം, എന്‍.ടി .കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, സലീന, വിപിന്‍ ചന്ദ്രന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!