മലപ്പുറം ടൗണില്‍ ആവേശം പകര്‍ന്ന് ആയിശ റന്ന ആസാദി സ്‌ക്വയറില്‍

മലപ്പുറം ടൗണില്‍ ആവേശം പകര്‍ന്ന്  ആയിശ റന്ന ആസാദി  സ്‌ക്വയറില്‍

മലപ്പുറം:ഭ്രാന്തന്‍ ഹിന്ദുത്വദേശീയതക്കെതിരായ ചൂണ്ടുവിരലായി ആയിശ റന്ന മലപ്പുറത്തു ആസാദി സ്‌ക്വയറില്‍.ദല്‍ഹി സി.എ.എ വിരുദ്ധസമരനായിക ജന്മദേശത്ത് നടക്കുന്ന സമരത്തിന് ആവേശസാന്നിധ്യമായി.
മലപ്പുറത്ത് നടക്കുന്ന ആസാദിസ്‌ക്വയറിന്റെ ഇരുപത്തിനാലാം ദിന പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു അവര്‍.സ്ത്രീകളും കുട്ടികളും മുദ്രാവാക്യം വിളികളോടെ അവരെ വേദിയിലേക്കാനയിച്ചു.
സമരത്തീച്ചൂളയില്‍ പൊരിയുന്നവര്‍ക്കു ശാഹീന്‍ ബാഗുകളും ആസാദി സ്‌ക്വയറുകളും ആവേശവും ആത്മവിശ്വാസവും നല്‍കുന്നു എന്ന് അവര്‍ പറഞ്ഞു.
ഭരണകൂടം സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴും ഇന്ത്യ മൊത്തം ഫാഷിസത്തിനെതിരെ കൂടെയുണ്ടെന്ന ബോധ്യം എല്ലാവര്‍ക്കും മുന്‍പില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പ്രചോദനമേകുന്നു.പിഞ്ചുമക്കളുടെ ഭാവിയും ബാല്യവും നഷ്ടപ്പെടുത്തുന്ന ആര്‍.എസ്.എസ് ലോകത്തോട് മറുപടി പറയേണ്ടി വരും.ഇന്ത്യയിലെ ഓരോ മനുഷ്യനും നേതൃത്വം കൊടുക്കുന്ന സമരമാണിത്.
ഓരോരുത്തര്‍ക്കും റോളുണ്ട്. ഷാഹിന്‍ ബാഗുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട്, ഒന്നിന്റെ തകര്‍ച്ച ഒരായിരം ഷഹിന്‍ ബാഗുകള്‍ക്ക് ജന്മം നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍ നമുക്കാവണം.
എന്‍.പി.ആര്‍ നടപടികളോട് നിസ്സഹകരിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.
ഇരുപത്തിനാലാം ദിന പരിപാടി ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഐ.പി.എച്ച് ഡയരക്ടര്‍ ഡോ.കൂട്ടില്‍ മുഹമദലി,സംസ്‌കാരിക സാഹിതി സംസ്ഥാന പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്ത്,ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട്,ജില്ലാ സെക്രട്ടറി സലാഹുദ്ദീന്‍ ചൂനൂര്‍,ജില്ലാ സമിതിയംഗം സി.എച്ച്.ബഷീര്‍ എസ്.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് താനൂര്‍ സംസാരിച്ചു.കെ.പി.അബ്ദുറസാഖ്,സല്‍വ, അസിന്‍ വെള്ളില എന്നിവര്‍ പ്രതിഷേധഗാനങ്ങള്‍ അവതരിപ്പിച്ചു. ജി.ഐ.ഒ മലപ്പുറം
ഫാസിസത്തിനെതിരായ പ്രതിഷേധ കഥാപ്രസംഗം അവതരിപ്പിച്ചു.

ഇന്ന് ആസാദി സ്‌ക്വയറിലെ പരിപാടികള്‍ക്കു മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കും.
അഡ്വ.എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി,യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് കെ.എന്‍.ഷാനവാസ്,ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍,
വൈസ് പ്രസിഡന്റ് കെ.കെ ഹക്കീം സംബന്ധിക്കും.

Sharing is caring!