കോട്ടക്കുന്ന് പാര്‍ക്കില്‍ മൂവായിരം സ്ത്രീകള്‍ ഒരുമിച്ചു നടക്കും

കോട്ടക്കുന്ന് പാര്‍ക്കില്‍ മൂവായിരം സ്ത്രീകള്‍  ഒരുമിച്ചു നടക്കും

മലപ്പുറം: സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ പാഠങ്ങളുമായി മാര്‍ച്ച് എട്ട് പുലരുമ്പോള്‍ ചരിത്ര നിമിഷങ്ങള്‍ക്ക് കോട്ടക്കുന്ന് സാക്ഷ്യം വഹിക്കും. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12 നാണ് കോട്ടക്കുന്നിലെ തുറന്ന വേദിയില്‍ വനിതാദിനത്തിന്റെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം നടക്കുക. പുതിയ പുലരിയിലേക്ക് എന്ന സന്ദേശവുമായി ജില്ലയിലെ മൂവായിരത്തിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മെഗാ നൈറ്റ് വാക്ക് സംഘടിപ്പിച്ചും വനിതാദിനം വ്യത്യസ്തമാക്കും.
മാര്‍ച്ച് ഒന്നു മുതല്‍ എട്ടുവരെ പ്രാദേശിക തലത്തിലും ഏഴിന് ജില്ലാതലത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാതല പരിപാടികള്‍ക്ക് മാര്‍ച്ച് ഏഴിന് കോട്ടക്കുന്ന് വേദിയാകും. അന്നേ ദിവസം വൈകീട്ട് ആറു മുതല്‍ മാര്‍ച്ച് എട്ട് വൈകീട്ട് ആറു വരെ കോട്ടക്കുന്ന് പാര്‍ക്ക് സ്ത്രീകള്‍ക്ക് സൗജന്യമായി തുറന്ന് നല്‍കും. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടുവരെയാണ് കോട്ടക്കുന്നിലെ തുറന്ന വേദിയില്‍ ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാത്രി എട്ടിന് വനിതകളുടെ സംസ്‌കാരിക പരിപാടികളും 10ന് മെഗാവാക്കുമാണ് സംഘടിപ്പിക്കുക. ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായി എത്തിയവര്‍ നാല് പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും നടത്തം ആരംഭിച്ച് കോട്ടക്കുന്ന് മൈതാനത്ത് സംഗമിക്കുന്ന രീതിയിലാണ് രാത്രി നടത്തം ആസൂത്രണം ചെയ്തിട്ടുള്ളത്. നാല് കേന്ദ്രങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. കൊണ്ടോട്ടി ഭാഗത്ത് നിന്ന് എത്തുന്നവര്‍ കിഴക്കേത്തലയിലും തിരൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ സിവില്‍ സേ്റ്റഷനില്‍ നിന്നും മഞ്ചേരിയില്‍ നിന്നുള്ളവര്‍ മുണ്ടുപറമ്പ് ബൈപ്പാസിലും പെരിന്തല്‍മണ്ണയില്‍ നിന്നുള്ളവര്‍ എം.എസ്.പി ഗ്രൗണ്ടില്‍ നിന്നും രാത്രി 10ന് യാത്ര ആരംഭിക്കും. നാല് കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച യാത്ര രാത്രി 11ന് കോട്ടക്കുന്ന് മൈതാനത്ത് സംഗമിക്കും. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12 ന് കോട്ടക്കുന്ന് തുറന്ന വേദിയില്‍ വനിതാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തും. ചടങ്ങില്‍ സാംസ്‌കാരികം, കായികം, ആരോഗ്യം, വിദ്യാഭ്യാസം, പൊതു പ്രവര്‍ത്തനം, സാമൂഹ്യ-സേവനം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച 50 വനിതകളെ ആദരിക്കും.
ജില്ലാതല പരിപാടിയുടെ ഭാഗമായി മാര്‍ച്ച് ഏഴിന് കോട്ടക്കുന്ന് പാര്‍ക്കിലേക്കുള്ള വാഹനങ്ങള്‍ വൈകീട്ട് ആറു മുതല്‍ നിയന്ത്രിക്കും. കോട്ടക്കുന്ന് പാര്‍ക്കിനകത്തും കുന്നുമ്മലിലുമുള്ള വ്യാപാരസ്ഥാപനങ്ങള്‍ രാത്രിയും തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാഭരണകൂടം ആവശ്യപ്പെടും.
പ്രാദേശിക തലത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ വനിതാദിനാഘോഷ പരിപാടികള്‍ ആരംഭിക്കും. വനിതാശാക്തീകരണം ലക്ഷ്യമിട്ട് ജില്ലയുടെ വിവിധയിടങ്ങളില്‍ സെമിനാറുകള്‍, കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഫ്‌ളാഷ്‌മോബ്, സെല്‍ഫ് ഡിഫന്‍സ് പരിശീലനം, തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കും.
ജില്ലയിലെ വനിതാദിനാഘോഷപരിപാടികള്‍ വിപുലമായി ആചരിക്കുന്നതിനായി ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു തുടങ്ങിയവരും മറ്റ് ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Sharing is caring!