തിരൂരില്‍ ഒന്‍പത് വര്‍ഷത്തിനിടെ ഒരുവീട്ടിലെ ആറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജനിതകരോഗമെന്ന്

തിരൂര്‍: തിരൂരില്‍ ഒന്‍പത് വര്‍ഷത്തിനിടെ ഒരുവീട്ടിലെ ആറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ജനിതകരോഗമാകാം മരണകാരണമെന്ന് ഡോക്ടറുടെ സംശയം. സിഡ്സ് എന്ന അപൂര്‍വ ജനിതകരോഗമെന്ന് സംശയം. കുട്ടികളെ ആദ്യം ചികില്‍സിച്ച തിരൂരിലെ ശിശുരോഗവിദഗ്ധന് ഡോ. നൗഷാദാണ് ഈ സംശയം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം മരിച്ച മൂന്നു മാസം പ്രായമായ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്.
രണ്ടു കുട്ടികള്‍ സമാന സാഹചര്യത്തില്‍ മരിച്ചതോടെയാണ് റഫീഖും സബ്നയും ഡോക്ടര്‍ നൗഷാദിനെ തേടിയെത്തുന്നത്. തുടര്‍ന്ന് മൂന്നാമത്തെ കുട്ടിയെ മുതല്‍ താന്‍ പരിശോധിച്ചിരുന്നു. സിഡ്സ് എന്ന രോഗമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കുട്ടികള്‍ക്ക് മറ്റ് പ്രശ്നങ്ങളൊന്നും പരിശോധനയില്‍ കണ്ടിരുന്നില്ല. സിഡ്സ് ആണോ എന്നതു സംബന്ധിച്ച് വിദഗ്ധ പരിശോധനയ്ക്ക് സൗകര്യം ഇല്ലാത്തതിനാല്‍ താന്‍ ഇവരെ അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
ആ കുട്ടിയും പിന്നീട് മരിച്ചു. ഈ കുട്ടിയെ പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. കുട്ടിയുടെ സ്പെസിമെന്‍ ഹൈദരാബാദില്‍ അയച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുട്ടികളുടെ മരണകാരണം കണ്ടെത്താന്‍ ഓരോ കുട്ടികളുടെയും രക്തപരിശോധന പ്രത്യേകം പ്രത്യേകം നടത്തേണ്ടതാണ് എന്നും ഡോക്ടര്‍ പറഞ്ഞു. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരാന്‍ കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
ഈ രോഗബാധയുള്ള കുട്ടികള്‍ ഒരു വര്‍ഷത്തിനകം മരിക്കാനാണ് സാധ്യത. കുട്ടികള്‍ക്ക് പെട്ടെന്ന് ഛര്‍ദിയോ അസ്വസ്ഥതയോ അനുഭവപ്പെട്ട് മരിക്കുകയാണ് ചെയ്യുന്നത്. ഒരു കുട്ടി നാലര വയസ്സുവരെ ജീവിച്ചു എന്നത് അത്ഭുതകരമാണെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞദിവസം മരിച്ച കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.
മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകള്‍ അടച്ചുള്ള അന്വേഷണം നടത്തുകയായിരുന്നു പൊലിസ്. ഇന്ന് കുട്ടിയുടെ മാതാപിതാക്കളായ റഫീഖ്,സബ്ന എന്നിവരില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നും പൊലിസ് മൊഴിയെടുത്തു. ഇവരുടെ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും ഒരു വയസില്‍ താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത്. ഒരു കുട്ടി നാലര വയസിലും മരിച്ചു. 93 ദിവസം പ്രായമുള്ള ആറാമത്തെ കുട്ടിയാണ് ഒടുവില്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് എല്ലാ മൃതദേഹങ്ങളും കബറടക്കിയിരുന്നത്.
മൊഴിയില്‍ സംശയാസ്പദമായ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലിസ് നല്കുന്ന സൂചന. മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ബന്ധുക്കള്‍ പ്രതികരിച്ചിരുന്നു.
ആറാമത്തെ കുട്ടി തിങ്കളാഴ്ച മരണപ്പെട്ടതിന് പിന്നാലെയാണ് അയല്‍വാസികളില്‍ ചിലര്‍ പരാതിയുമായി പൊലിസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി പൊലിസ് കേസായി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കൊരങ്ങത്ത് ജുമാമസ്ജിദില്‍ കബറടക്കിയ മൃതദേഹം തിരൂര്‍ ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം എന്നതാണ് സിഡ്സ് എന്നതിന്റെ പൂര്‍ണരൂപം. ശിശുക്കളില്‍ ഉറക്കത്തില്‍ ഓക്സിജന്‍ ലഭ്യത കുറയുന്നതാണ് മരണ കാരണമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് ശരീരത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് നിറയുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. ഇത്തരം രോഗബാധയുള്ള കുട്ടികള്‍ക്ക് രണ്ടു മുതല്‍ മൂന്നുമാസം വരെയുള്ള പ്രായമാണ് ഏറെ അപകടം പിടിച്ചതെന്നും ആരോഗ്യവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞദിവസം മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക്-ശാസ്ത്രീയ പരിശോധനകള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് നാലു ദിവസത്തിനകം ലഭിക്കുമെന്നാണ് പൊലീസ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ഈ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ കുട്ടികളുടെ മരണത്തിലെ ദുരൂഹത നീക്കാനാകുമെന്നും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു.
RECENT NEWS

കെ എസ് യു അറുപത്തി ആറാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു
മലപ്പുറം: കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.എസ്.യു അറുപത്തി ആറാമത് ജന്മദിനാഘോഷം മുൻ മന്ത്രി എപി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കെ അൻഷിദ് അധ്യക്ഷത വഹിച്ചു. ജന്മദിനത്തോട് [...]