തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക വിഷയത്തില്‍ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍ തടസഹരജി നല്‍കി

തദ്ദേശ തെരഞ്ഞെടുപ്പ്  വോട്ടര്‍പട്ടിക വിഷയത്തില്‍  മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍ തടസഹരജി നല്‍കി

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക വിഷയത്തില്‍ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍ തടസഹരജി നല്‍കി. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രിംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗ് തടസഹരജി നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂട്ടി കേള്‍ക്കണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു
നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് സുപ്രിംകോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ധവെ ആയിരിക്കും ഹാജരാകുക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ വേണമെന്ന് കഴിഞ്ഞ 13ാം തീയതിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക കരടായി ഉപയോഗിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. കമ്മീഷന്‍ തീരുമാനം ചോദ്യംചെയ്ത് നല്‍കിയ ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.

Sharing is caring!