കരിപ്പൂരിലെത്തിയ രണ്ടുയാത്രക്കാരരെ വീണ്ടും തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി

കരിപ്പൂരിലെത്തിയ രണ്ടുയാത്രക്കാരരെ  വീണ്ടും തട്ടിക്കൊണ്ടുപോയി  കവര്‍ച്ച നടത്തി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയെന്നു പരാതി. കാസര്‍കോട് സ്വദേശികളായ രണ്ടുപേരെയാണ് കവര്‍ച്ചാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൈവശമുള്ള പണവും സ്വര്‍ണവും കവര്‍ന്നതെന്നാണ് പരാതി. കാസര്‍കോട് ഉദുമ സ്വദേശികളായ സന്തോഷ്, അബ്ദുല്‍ സത്താര്‍ എന്നിവരാണ് മര്‍ദനത്തിനിരയായത്. വെള്ളിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയ ഇവരെ വാഹനം തടഞ്ഞ് കവര്‍ച്ചാസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. കോഴിക്കോട്ടേക്ക് ഓട്ടോയില്‍ പോവുകയായിരുന്ന ഇരുവരെയും കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണെന്നു പറഞ്ഞ് പാസ്പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷം ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ അഴിച്ച് ദേഹപരിശോധന നടത്തുകയും കൈയിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവരുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

കരിപ്പൂരില്‍ നേരത്തെയും ഇത്തരത്തില്‍ കവര്‍ച്ച നടന്നിരുന്നു. ഒരു മാസത്തിനിടെ മാത്രം മൂന്നാംതവണയാണ് സമാനരീതിയില്‍ തട്ടിക്കൊണ്ടുപോവല്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ദക്ഷിണ കന്നട സ്വദേശിയെ തട്ടികൊണ്ടുപോയി മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശി റഷീദിനെ പോലിസ് പിടികൂടിയിരുന്നു. നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്നവരെ ലക്ഷ്യമിട്ടാണ് കവര്‍ച്ചാ സംഘം നിലയുറപ്പിക്കുന്നത്. അതേസമയം, കരിപ്പൂരില്‍ വിമാനയാത്രക്കാരെ ലക്ഷ്യമിട്ടുള്ള കവര്‍ച്ച ആവര്‍ത്തിക്കുന്നത് യാത്രക്കാരില്‍ കടുത്ത ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.

Sharing is caring!