സന്തോഷ് ട്രോഫി ടീമിലെ മലപ്പുറത്തിന്റെ അഭിമാനങ്ങളായ അഫ്ദലിനും ഷെരീഫിനും സര്‍ക്കാര്‍ ജോലിയായി

മലപ്പുറം:സന്തോഷ് ട്രോഫിയിലൂടെ വി.കെ. അഫ്ദലും വൈ.പി. മുഹമ്മദ് ഷെരീഫും സര്‍ക്കാര്‍ജോലിയില്‍ കയറി. കൊല്‍ക്കത്തയില്‍ നടന്ന 72-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിലെ 11 താരങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ജോലി നല്‍കി കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. പൊതുവിദ്യാഭ്യാസവകുപ്പില്‍ ക്ലാര്‍ക്ക് തസ്തിക സൂപ്പര്‍ന്യൂമറിയായി സൃഷ്ടിച്ചാണ് നിയമനം. ടീമിലെ മലപ്പുറത്തിന്റെ അഭിമാനങ്ങളായ അഫ്ദലും ഷെരീഫും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചു.
അവധിയെടുത്ത് ഫുട്‌ബോള്‍ തുടരാനാണ് പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി അഫ്ദലിന്റെ തീരുമാനം. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടെങ്കിലും കളിക്കാന്‍ അവസരം കിട്ടാത്തതിനാല്‍ റദ്ദാക്കി. മറ്റൊരു ക്ലബ്ബില്‍ കയറാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്‌ബോളില്‍ നാലു കളിയില്‍നിന്ന് രണ്ട് ഹാട്രിക് അടക്കം എട്ടുഗോള്‍ നേടി മികച്ച താരമായതോടെയാണ് അഫ്ദലിന് സന്തോഷ് ട്രോഫി ടീമില്‍ ഇടംകിട്ടിയത്.
2013-ല്‍ റൈസിങ് സ്റ്റാര്‍ ടാലന്റ് ഹണ്ടില്‍ പങ്കെടുത്ത് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളി പഠിക്കാനും അവസരംകിട്ടി. മമ്പാട് എം.ഇ.എസ്. കോളേജില്‍നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ജോലി ലഭിച്ച 11 പേരും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ഇ.പി. ജയരാജനെയും കാണും. ജോലി ലഭിച്ചതിന്റെ സന്തോഷം അറിയിക്കാനാണ് ‘ടീം കേരള’യുടെ സന്ദര്‍ശനം. ജോലിക്കൊപ്പം കളി തുടരാനുള്ള സൗകര്യമൊരുക്കണമെന്ന് ഇരുവരും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കും.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *