കേന്ദ്ര ബജറ്റ് ന്യൂനപക്ഷങ്ങളെ പാടെ അവഗണിച്ചു: പി.വി അബ്ദുല്‍ വഹാബ് എം.പി

കേന്ദ്ര ബജറ്റ് ന്യൂനപക്ഷങ്ങളെ  പാടെ അവഗണിച്ചു:  പി.വി അബ്ദുല്‍ വഹാബ്  എം.പി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ന്യൂനപക്ഷങ്ങളെ പാടെ അവഗണിക്കുന്ന നിലപാടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ സ്വീകരിച്ചതെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. രാജ്യസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് പ്രത്യേകമായ ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. മുസ്ലിം യുവാക്കളുടെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നത് ശരിയല്ലെന്നും അബ്ദുല്‍ വഹാബ് ചൂണ്ടിക്കാട്ടി.
കേന്ദ്ര ബജറ്റ് നിരാശാജനകമാണ്. സാധാരണക്കാരുടെ ക്ഷേമത്തിനു വേണ്ടി ഒരു മികച്ച പദ്ധതിയും അവതരിപ്പിക്കാന്‍ സാധിച്ചില്ല. വിദേശ ഇന്ത്യക്കാരെ എന്‍.ആര്‍.ഐ ആയി പരിഗണിക്കാന്‍ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണമെന്ന നിര്‍ദ്ദേശത്തെയും അദ്ദേഹം വിമര്‍ശിച്ചു. നാട്ടില്‍ തങ്ങാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന 180 ദിവസം തന്നെ ഇക്കാര്യത്തില്‍ തുടരണമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു. പലരുടെയും എന്‍.ആര്‍.ഐ പദവി നഷ്ടപ്പെടാനാണ് ഇത് കാരണമാവുക -അദ്ദേഹം ചൂണ്ടിക്കാട്ടി.

Sharing is caring!