ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് നേരെ വിവേചനം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തുകയാണെന്ന് കാന്തപുരം

ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് നേരെ വിവേചനം നടത്തുമ്പോള്‍  കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ  ലംഘനം നടത്തുകയാണെന്ന് കാന്തപുരം

തിരൂര്‍: ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് നേരെ വിവേചനം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഭരണ ഘടനാ ലംഘനം നടത്തുകയാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. തിരൂരില്‍ എസ്.വൈ.എസ് വെസ്റ്റ് ജില്ലാ റാലിയുടെ സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസമില്‍ രേഖകളിലില്ലാത്തവരില്‍ നിന്ന് മുസ്ലിംകള്‍ അല്ലാത്തവരെ മാത്രം മോചിപ്പിച്ചുവെന്ന വസ്തുതകള്‍ പുറത്തുവന്നിരിക്കുന്നു. ഇത് തെളിയിക്കുന്നത് കുറച്ചുവര്‍ഷങ്ങളായി വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനു വേണ്ടിയുള്ള അടിസ്ഥാന ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ്. ജനങ്ങള്‍ക്ക് സമത്വം ഉറപ്പു നല്‍കേണ്ട സര്‍ക്കാര്‍ ഭിന്നിപ്പ് രൂക്ഷമാക്കുകയാണ്. ഇതോടെ തകരുന്നത് ഇന്ത്യയുടെ മഹത്തായ സംസ്‌കാരമാണെന്ന് മറക്കരുത്. ഭരണഘടന വിഭാവനം ചെയ്യുന്ന പ്രകാരം എല്ലാമതക്കാരും അത്മവിശ്വാസത്തോടെയും സൗഹൃദത്തോടെയും ജീവിക്കുന്ന ഇന്ത്യയുടെ ആത്മാവ് തകര്‍ത്തിട്ട് സര്‍ക്കാറിന് എന്ത് നേടാനാണെന്നും കാന്തപുരം ചോദിച്ചു. രാജ്യത്ത് പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ല. രാജ്യം ഒരു മതസ്തരുടെയും കുത്തകയല്ല. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. സെന്‍സസ് എന്‍.പി.ആറിനുള്ള ശ്രമമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്ന പൗരത്വനിയമത്തിന് എതിരെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. പതിനാല് കുടുംബങ്ങള്‍ക്ക് എസ് വൈ എസ് വെസ്റ്റ് ജില്ലാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ ഭവന പദ്ധതിയായ ദാറുല്‍ഖൈറിന്റെ താക്കോല്‍ദാനവും കാന്തപുരം നിര്‍വഹിച്ചു. കോട്ടൂര്‍ കുഞ്ഞമ്മു മുസ് ലിയാരുടെ പ്രാര്‍ഥനയോടെയാണ് പൊതുസമ്മേളനത്തിന് തുടക്കമായത്. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ത്വാഹ തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, റഹ്മത്തുല്ല സഖാഫി എളമരം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, വി പി എം ബശീര്‍ പറവന്നൂര്‍ പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, അബൂഹനീഫല്‍ ഫൈസി തെന്നല, അലവി സഖാഫി കൊളത്തൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, അബൂബക്കര്‍ ശര്‍വാനി, അബ്ദുനാസിര്‍ ഹാജി ഓമച്ചപ്പുഴ, ബാവ ഹാജി തലക്കടത്തൂര്‍, ശമീര്‍ ഹാജി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, കാസിം കോയ പൊന്നാനി, ശറഫുദ്ദീന്‍ സഖാഫി തേഞ്ഞിപ്പലം, അബ്ദുസമദ് മുട്ടന്നൂര്‍ സംബന്ധിച്ചു.

Sharing is caring!