കൊറോണ മുന്‍കരുതല്‍; കേരളത്തില്‍ ആദ്യമായി പ്രത്യേക ഗൂഗിള്‍ ആപ്പുമായി മലപ്പുറം

കൊറോണ  മുന്‍കരുതല്‍;  കേരളത്തില്‍ ആദ്യമായി പ്രത്യേക ഗൂഗിള്‍ ആപ്പുമായി  മലപ്പുറം

മലപ്പുറം: കൊറോണ വൈറസ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പ്രത്യേക ഗൂഗിള്‍ ഡ്രൈവ് ആപ്പ്. സംസ്ഥാനത്താദ്യമായി മലപ്പുറം ജില്ലയിലാണ് പ്രത്യേക സംവിധാനം പ്രാവര്‍ത്തികമാക്കിയത്. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരുടേയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടേയും വിവരങ്ങള്‍ ക്രോഡീകരിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരാണ് ഗൂഗിള്‍ ആപ്പ് തയ്യാറാക്കിയത്. പൊതുജനങ്ങള്‍ക്കു നേരിട്ടു വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ആപ്പ് വഴി രോഗ ലക്ഷണങ്ങളേക്കുറിച്ചും വൈറസ് ബാധിത പ്രദശങ്ങളില്‍നിന്നു തിരിച്ചെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെ വിവരങ്ങളും കണ്‍ട്രോള്‍ സെല്ലിനു ലഭിക്കും. രോഗ ലക്ഷണങ്ങളുള്ള ആര്‍ക്കും ആപ്പു വഴി വിവരങ്ങള്‍ പങ്കുവയ്ക്കാം. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിലുള്ള കൊറോണ പ്രതിരോധ മുഖ്യ സമിതിക്കു കീഴില്‍ പ്രത്യേക ചുമതലയുള്ള 63 ഉദ്യോഗസ്ഥരടക്കം 511 പേരടങ്ങുന്ന സംഘമാണ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 412 പേരാണ് ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19 പേര്‍ ആശുപത്രികളിലും 353 പേര്‍ വീടുകളിലുമാണ്. വീടുകളില്‍ 28 ദിവസത്തെ കാലയളവു പൂര്‍ത്തിയാക്കിയ 15 പേരെ ഇന്നലെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി. ഇതോടെ രോഗ ലക്ഷണങ്ങളില്ലാതെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 42 ആയി. വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 13 പേരാണ് ഇതുവരെ ആശുപത്രി വിട്ടത്. രണ്ടു ഘട്ട പരിശോധനകള്‍ക്കായി അയച്ച 22 സാമ്പിളുകളില്‍ 11 എണ്ണത്തിന്റെ ഫലം ലഭ്യമായതില്‍ രോഗബാധയില്ലെന്നു പൂര്‍ണ്ണമായി സ്ഥിരീകരിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്കു പുറമെ ആവശ്യമെങ്കില്‍ ജില്ലാ, താലൂക്ക് ആശുപത്രികളിലും രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേക നിരീക്ഷണത്തില്‍ ചികിത്സിക്കാന്‍ സൗകര്യങ്ങളൊരുക്കും. നിരീക്ഷണത്തിലുള്ളവരുടെ മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള കൗണ്‍സലിങ് പുരോഗമിക്കുകയാണ്. കണ്‍ട്രോള്‍ സെല്‍വഴി ജില്ലയിലെ 27 പ്രധാന സ്ഥാപനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സും നടത്തുന്നുണ്ട്. മുഴുവന്‍ ദിവസങ്ങളിലും രണ്ടു തവണ നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജാഗ്രതാ സംഘത്തിലുള്ളവരുടെ സംശയദൂരീകരണവുമാണ് ലക്ഷ്യം.
ജില്ലയിലെ മുഴുവന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ര്ട വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും കൊറോണ ജാഗ്രതയുടെ ഭാഗമായി ബോധവത്ക്കരണ പരിശീലനം സംഘടിപ്പിച്ചു. കൃഷി വകുപ്പുദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന, ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, കരിപ്പൂരില്‍ നടന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനത്തിന് ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കെ.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലയിലെ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കൊറോണ പ്രതിരോധ മുഖ്യ സമിതി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്റെ അധ്യക്ഷതയില്‍ വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മുഹമ്മദ് ഇസ്മയില്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം പ്രോഗ്രാം മൊനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ രാജു പ്രഹ്‌ളാദ് എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!