പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഇനി ഇറ്റാലിയന്‍ ഭാഷയിലും വായിക്കാം

പാണക്കാട് മുഹമ്മദലി  ശിഹാബ് തങ്ങളെ  ഇനി  ഇറ്റാലിയന്‍  ഭാഷയിലും വായിക്കാം

ദുബൈ / മലപ്പുറം : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം ഇറ്റാലിയന്‍ ഭാഷയിലേക്ക്. പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരി സബ്രീന ലീയാണ് പുസ്തകം ഇറ്റലിയിലേക്ക് മൊഴിമാറ്റം നടത്തിയത്. വെള്ളിയാഴ്ച ദുബൈയില്‍ നടന്ന ശിഹാബ് തങ്ങള്‍ അന്താരാഷ്ട്ര ഉച്ചകോടിയില്‍ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനവും സമഗ്രമായി വരച്ചിടുന്ന മുജീബ് ജൈഹൂന്‍ രചിച്ച ‘സ്ലോഗന്‍സ് ഓഫ് ദ സേജ്’ എന്ന ഇംഗ്ലീഷ് കൃതിയാണ് ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്ത പുസ്തകത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ശിഹാബ് തങ്ങളെ പോലുള്ള വലിയൊരു വ്യക്തിത്വത്തെ അടുത്തറിയാന്‍ ഇറ്റാലിയന്‍ ജനതക്ക് ഇത് അവസരം ഒരുക്കുമെന്ന് ‘തവാസുല്‍ യൂറോപ്പ്’ കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തക കൂടിയായ സബ്രീന ലീ പറഞ്ഞു.
ശിഹാബ് തങ്ങളുടെ ആശയാദര്‍ശങ്ങള്‍ ലോകത്തിനു മുമ്പാകെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയാണ് മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ സമ്മിറ്റിന്റെ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.കെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങള്‍ സ്വപ്നം കണ്ട സമാധാനവും സൗഹാര്‍ദവും നിറഞ്ഞ ഒരു ലോകസാഹചര്യം രൂപപ്പെടുത്താന്‍ പുസ്തകം പാതയൊരുക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് മുജീബ് ജൈഹൂന്‍ ചൂണ്ടിക്കാട്ടി.
അബ്ദുല്ല യൂസുഫലിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ പരിഭാഷയും സബ്രീന ലീ ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Sharing is caring!