വര്‍ഗീയശക്തികളെ മനസ്സിലാക്കാന്‍ ആരുടേയും ട്യൂഷന്‍ വേണ്ടെന്ന് മുഖ്യമന്ത്രി

വര്‍ഗീയശക്തികളെ  മനസ്സിലാക്കാന്‍ ആരുടേയും  ട്യൂഷന്‍ വേണ്ടെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കേരളത്തിലെ ചില സംഘടനകളെക്കുറിച്ച് പറഞ്ഞത് ഉത്തമബോധ്യമുള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയശക്തികളെ മനസ്സിലാക്കാന്‍ ആരുടേയും ട്യൂഷന്‍ വേണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലെ കുറിപ്പില്‍ പറഞ്ഞു.

ചില സമരങ്ങളില്‍ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമര്‍ശം ഉത്തമ ബോധ്യത്തിലാണ്. സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ട തകര്‍ക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണ് എന്ന ശരിയായ ബോധ്യമാണ് കേരളത്തെ നയിക്കുന്നത്. ആ മഹാ പ്രതിരോധത്തില്‍ വര്‍ഗീയതയുടെ വിഷം തേക്കാന്‍ ആര് ശ്രമിച്ചാലും ചെറുത്തു തോല്‍പ്പിക്കും.

ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അത് ജനാധിപത്യപരമാണ്. ഈ കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ ഇകഴ്ത്താനും തകര്‍ക്കാനും അവഹേളിക്കാനും ചിലര്‍ക്ക് അത്യാഗ്രഹമുണ്ട്. അത്തരം അതിമോഹക്കാര്‍ക്കു കേരളം ഒന്നിച്ചു നിന്ന് തന്നെ മറുപടി നല്‍കും.

എല്ലാ വര്‍ഗീയതീവ്രവാദ ശക്തികളെയും എതിര്‍ക്കുന്നതും അകറ്റി നിര്‍ത്തുന്നതുമാണ് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യം. മതത്തിന്റെ പേരില്‍ ഇന്ത്യന്‍ പൗരത്വം നിര്‍ണ്ണയിക്കുന്ന കരിനിയമത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തെ മുന്നില്‍ നിര്‍ത്തുന്നത് ആ പാരമ്പര്യമാണ്. ഒരു വര്‍ഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല. വിവേചനപരവും ഭരണഘടനാമൂല്യങ്ങളുടെ നിരാസവുമായ പൗരത്വ ഭദഗതി നിയമത്തിനെതിരെ ജാതിമതകക്ഷി ഭേദമില്ലാത്ത ജനകീയ പ്രതിഷേധമാണ് കേരളം ഉയര്‍ത്തുന്നത്.

മത പണ്ഡിതരും നേതാക്കളും കലാ സാഹിത്യസാംസ്‌കാരിക നായകരും സമുദായ സംഘടനാ നേതാക്കളും മതനിരപേക്ഷ ചിന്താഗതിയുള്ള ജനസഞ്ചയവും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും കൊടിയുടെ നിറം നോക്കാതെ അണിചേര്‍ന്ന പ്രതിഷേധത്തിന് സാര്‍വത്രിക സ്വീകാര്യതയാണ് ലഭിച്ചത്. ആ അനുഭവമുള്ള കേരളത്തിന്, ഭരണഘടനാ വിരുദ്ധമായ നിയമഭേദഗതി അടിച്ചേല്‍പ്പിക്കുന്നവരെയും അതിനെതിരായി വര്‍ഗീയ സംഘാടനത്തിനു കൊതിക്കുന്നവരെയും മനസ്സിലാക്കാനും ഇരുകൂട്ടര്‍ക്കുമെതിരെ പ്രതികരിക്കാനും ആരുടേയും ട്യൂഷന്‍ വേണ്ടതില്ലെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Sharing is caring!