കരിപ്പൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്

കരിപ്പൂര്‍ എയര്‍പോര്‍ട്ട്  അതോറിറ്റിയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്

കരിപ്പൂര്‍: എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്. അതോറിറ്റിയുടെ വ്യാജ ലെറ്റര്‍ പാഡും സീലുമുപയോഗിച്ചാണ് സംഘം പണം കൈക്കലാക്കി മുങ്ങിയത്. ചതിയില്‍ കുടുങ്ങിയവര്‍ പരാതിയുമായി അധികൃതരെ സമീപിച്ചപ്പോഴാണ് കബളിപ്പിക്കല്‍ വിവരം പുറത്തായത്. ആയിരക്കണക്കിനുപേര്‍ ചതിയില്‍പ്പെട്ടു.
എയര്‍പോര്‍ട്ട് അതോറിറ്റിക്കുകീഴില്‍ ഒഴിവുണ്ടെന്ന് ഓണ്‍ലൈനില്‍ പരസ്യംചെയ്യുകയാണ് സംഘം ചെയ്തത്. ഈ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ കമ്പനിയുടെ അക്കൗണ്ടില്‍ 25,000 രൂപ നിക്ഷേപിക്കാന്‍ പറയും. നിയമന ഉത്തരവ് ഉടന്‍ ലഭ്യമാകുമെന്നും അറിയിക്കും. പണം നിക്ഷേപിച്ചവര്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ നിയമന ഉത്തരവ് ലഭിച്ചു. ഇവരില്‍ ചിലര്‍ കരിപ്പൂര്‍ വിമാനത്താവള അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വ്യാജ ലെറ്റര്‍ പാഡില്‍ സീല്‍ പതിച്ചാണ് ഉത്തരവ് നല്‍കിയത്. മലപ്പുറം, കൊണ്ടോട്ടി, കോഴിക്കോട് ഭാഗങ്ങളിലെ നിരവധി പേര്‍ കബളിപ്പിക്കലിന് ഇരയായി. ഇവരില്‍ പലരും സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, അയാട്ട തുടങ്ങിയ ഡിപ്ലോമ കോഴ്‌സുകള്‍ പാസായവരാണ്. ലക്ഷങ്ങളാണ് ഈ കോഴ്സുകള്‍ക്ക് മുടക്കുന്നത്. ജോലി സാധ്യത കുറവുമാണ്. ഇതാണ് തട്ടിപ്പ് സംഘം മുതലെടുത്തത്.
കഴിഞ്ഞ മാസം എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ സ്റ്റോര്‍ കീപ്പര്‍ ഒഴിവുണ്ടെന്ന് കാണിച്ചാണ് സംഘം അപേക്ഷ ക്ഷണിച്ചത്. പതിനായിരത്തിലേര്‍ പേര്‍ അപേക്ഷിച്ചു. 25,000 രൂപയാണ് ഒരാള്‍ നല്‍കിയത്. പലര്‍ക്കും വീടിനടുത്ത വിമാനത്താവളങ്ങളില്‍ നിയമിച്ചുള്ള ഉത്തരവാണ് കൈമാറിയത്. വിമാനക്കമ്പനികളുടെ പേരിലും ഇത്തരം തട്ടിപ്പ് നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ജാഗ്രത പുലര്‍ത്തണം
ഔദ്യോഗിക വെബ്‌സൈറ്റിലെ പരസ്യങ്ങള്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ വിശ്വസിക്കാവൂവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചശേഷം എഴുത്ത് പരീക്ഷയുണ്ടാകും. അഭിമുഖത്തിനും ശേഷമേ നിയമനമുണ്ടാകൂ. ചെറിയ തുകയാണ് അപേക്ഷാ ഫീസായി ഈടാക്കുന്നത്. ഇത് അപേക്ഷയോടൊപ്പം ഡിഡിയായാണ് സമര്‍പ്പിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Sharing is caring!