കൊറോണ: മലപ്പുറം ജില്ലയില്‍ 330പേര്‍ നിരീക്ഷണത്തില്‍

കൊറോണ:  മലപ്പുറം ജില്ലയില്‍  330പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം: കൊറോണ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ വീടുകളില്‍ 330 പേരും മഞ്ചേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 13 പേരും നിരീക്ഷണത്തിലാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ 13 പേരെ 28 ദിവസം പൂര്‍ത്തിയായതോടെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇന്നലെ മുതല്‍ 25 പേര്‍ കൂടി പുതുതായി നിരീക്ഷണത്തിലുണ്ട്. മൂന്ന് പേരെ പുതുതായി ഐസൊലേഷന്‍ വാര്‍ഡിലും പ്രവേശിപ്പിച്ചു.

നേരത്തെ പരിശോധനയ്ക്കയച്ച 17 സാമ്പിളുകളില്‍ രണ്ടെണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 15 സാമ്പിളുകളുടെ ഫലം അറിയാനുണ്ട്. ഇന്നലെ (ഫെബ്രുവരി മൂന്ന്) ഒന്‍പത് സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു. ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 കിടക്കകളും തിരൂര്‍ ജില്ല ആശുപത്രിയില്‍ അഞ്ച് കിടക്കകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസികസമര്‍ദ്ദം കുറയ്ക്കുന്നതിന് പ്രത്യേക കൗണ്‍സില്‍ നല്‍കും. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകളായ 0483 2737858, 0483 2737857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കോറോണ ലക്ഷണങ്ങള്‍ സംശയിക്കുന്ന സാഹചര്യത്തിലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. 9383464212 എന്ന മൊബൈല്‍ നമ്പറില്‍ വാട്സാപ്പ് സൗകര്യവും ലഭ്യമാണ്. റാീലേൊേഹുാ@ഴാമശഹ.രീാ എന്ന മെയില്‍ വഴിയും സംശയ ദൂരീകരണം നടത്താം.
(എം.പി.എം 460/2020)

മാര്‍ഗ്ഗനിര്‍ദേശങ്ങള്‍
• കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണം.
•വീട്ടിലുള്ള മറ്റ് കുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കണം. കുടുംബാഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കണം. ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
•നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
•തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്ലീച്ചിങ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.
• വൈദ്യ സഹായത്തിനായി മാത്രമേ വീട് വിട്ട് പുറത്ത് പോകാന്‍ പാടുള്ളൂ. ഇതിനു വേണ്ടിയും 24*7 കണ്‍ട്രോള്‍ സെല്‍ നമ്പറില്‍ വിളിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.
•ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല, തോര്‍ത്ത്/തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കണം. പൊതു സ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യണം.
•സന്ദര്‍ശകരെ വീട്ടില്‍ ഒരു കാരണവശാലും അനുവദിക്കാതിരിക്കുക.
•പൊതു വാഹനങ്ങള്‍ യാത്രക്ക് ഒഴിവാക്കണം.
•എപ്പോഴെങ്കിലും പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ 24*7 കണ്‍ട്രോള്‍ സെല്‍ നമ്പറില്‍ വിളിച്ച് ബന്ധപ്പെട്ട ശേഷം ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക. ഇതിനു വേണ്ടി ഇതര ഒ.പി, കാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല. നിര്‍ദ്ദിഷ്ട വ്യക്തിയും കൂടെ പോകുന്ന ആളും മാസ്‌ക് അല്ലെങ്കില്‍ തൂവാലകൊണ്ട് മുഖം മറയ്ക്കണം.
(എം.പി.എം 462/2020)

ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ഇനി ജനകീയം

ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ജില്ലയിലുടനീളം ജനകീയ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി സര്‍ക്കിളില്‍ നല്‍കിയ പരിശോധനയില്‍ പൊതുജനങ്ങള്‍, വ്യാപാരികള്‍, ഹോട്ടലുടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുപരി പൊതുജനങ്ങളുടെയും, വ്യാപാരികളുടെയും ക്രിയാത്മകമായ ഇടപെടലുകളും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ജനകീയ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.
പരിശോധനയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഹോട്ടല്‍ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും ബോധവത്ക്കരണവും നടത്തി. തുടര്‍ന്നുളള ദിവസങ്ങളിലും മറ്റുളള സര്‍ക്കിളുകളിലു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരും.

Sharing is caring!