ലോകസഭയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

ലോകസഭയില്‍  കേന്ദ്ര സര്‍ക്കാറിനെതിരെ  ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെയും രാജ്യത്ത് നടക്കുന്ന വന്‍ ജനകീയ പ്രതിഷേധങ്ങള്‍ കണ്ടില്ലന്ന് നടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. വിവേചന വ്യവസ്ഥകളടങ്ങിയ പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കില്ല. പൗരത്വ നിയമത്തിനനുകൂലമായി വോട്ട് ചെയ്ത പാര്‍ട്ടികള്‍ പോലും അതിനതിരെ രംഗത്ത് വന്നിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.് നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് പ്രതിപക്ഷ നിരയില്‍ നിന്ന് ആദ്യം സംസാരിച്ച പികെ. കുഞ്ഞാലിക്കുട്ടി എംപി കടുത്ത വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉയര്‍ത്തിയത്. ഭരണകക്ഷിയുമായി സഹകരിച്ചിരുന്ന കക്ഷികള്‍ പോലും പൗരത്വ നിയമത്തിലെ അപകടം തിരിച്ചറിഞ്ഞിരിക്കുന്നു. രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാര്‍ നയം അംഗീകരിക്കില്ലന്ന് വ്യക്തമാക്കിയിട്ടും പൗരത്വ ഭേദഗതിയുമായി മുന്നോട്ട് പോവുന്നത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ ഉന്നതസ്ഥാനത്തുള്ളവര്‍ പോലും സമരക്കാരെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുകയാണന്നും നേതാക്കളുടെ പ്രസംഗത്തില്‍ നിന്ന് പ്രചോദിതരായി ബിജെപി പ്രവത്തകര്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരസ്യമായി വെടിവെയ്പ്പ് നടത്തിയവര്‍ക്കെതിരെ പോലും യു.എ.പി.എ ചുമത്താന്‍ ഭരണകൂടം തയ്യാറാവാത്തതെന്തന്നും അദ്ദേഹം ചോദിച്ചു. ദിനേന രാജ്യതലസ്ഥാനത്ത് വെടിവെയ്പ്പ് നടന്നിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സര്‍ക്കാര്‍ അക്രമികളെ പ്രോല്‍സാഹിപ്പിക്കുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞടുപ്പ് ജയിക്കാനായി ജനങ്ങളെ ഭിന്നിപ്പിച്ചാല്‍ മതിയെന്ന ധാരണയാണ് ബിജെപിക്കുള്ളത്. കരുതിക്കൂട്ടി അതാണവര്‍ ചെയ്തു കൊണ്ടിരക്കുന്നത്. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് എക്കാലവും ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളെ പറ്റി യാതൊരു താല്‍പര്യമോ ആശങ്കയോ ഭരണകൂടത്തിനില്ല. തെരഞ്ഞടുപ്പ് വരുമ്പോള്‍ ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാമെന്ന ചിന്തയാണ് അവരെ നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളായ ദാരിദ്ര്യവും കുടിവെള്ളവും മറ്റ് വികസനകാര്യങ്ങളുമാണ് ആംആദ്മിയും കോണ്‍ഗ്രസും ഡല്‍ഹി തെരഞ്ഞടുപ്പില്‍ ചര്‍ച്ചചെയ്യുന്നതെങ്കില്‍ എങ്ങനെ വര്‍ഗീയ പ്രചാരണം നടത്താനാവും എന്നതിലാണ് ബിജെപി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെ പറ്റി പരാമര്‍ശിച്ചില്ലന്നത് നിരാശാജനകമാണ്. യുപിഎ ഭരണകാലത്ത് ജിഡിപി കുതിക്കുകയായിരുന്നു. ഭരണഘടനാമൂല്ല്യങ്ങള്‍ സംരക്ഷിക്കാനായാണ് സര്‍ക്കാറിനെ ജനങ്ങള്‍ തെരഞ്ഞടുത്തത്. എന്നാല്‍ ഭരണഘടന സംരക്ഷിക്കാനായി ജനങ്ങള്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതാണ് ഇന്ന് രാജ്യമാകെമാനം കാണാനാവുന്നത്. ജനാധിപത്യ റാങ്കിങ്ങിലും സാമ്പത്തിക മുന്നേറ്റത്തിലും ഇന്ത്യയെ മാതൃകയായാണ് ലോകരാജ്യങ്ങള്‍ മുന്‍കാലങ്ങളില്‍ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി വെത്യസ്ഥമാണ്. അസഹിഷ്ണുതയുടെ നാടായാണ് ഇന്ന് ലോകരാജ്യങ്ങള്‍ നമ്മുടെ രാജ്യത്തെ കാണുന്നത്. രാജ്യത്തെ സംഭവിവികാസങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ ആശങ്ക അറിയിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നു. വാഷിങ്ടണ്‍പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ദി.എക്കണോമിസ്റ്റ് പോലുള്ള അന്തരാഷ്ട്ര മാധ്യമങ്ങള്‍ പോലും രാജ്യത്ത് നിലിനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്ത് വന്നത് ശ്രദ്ധേയമാണ്. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയേക്കാം എന്നാണ് ചിലമാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രി പുതിയൊരു ഇന്ത്യ നിര്‍മ്മിക്കുമെന്നാണ് യുവജനതയ്ക്ക് വാഗ്ദാനം നല്‍കിയത്. വെറുപ്പും വിദ്വേഷവും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും നിറഞ്ഞ രാജ്യമായിരുന്നോ അദ്ദേഹം വാഗ്ദാനം ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. നേരത്തെ ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പും മന്ത്രിമാരുടെ വിദ്വേഷ പ്രസ്താവനകളും സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി നോട്ടീസ് നല്‍കിയിരുന്നു.

Sharing is caring!