കൊറോണ വൈറസ്; മലപ്പുറം ജില്ലയില്‍ രണ്ടുപേര്‍കൂടി നിരീക്ഷണത്തില്‍

കൊറോണ വൈറസ്; മലപ്പുറം ജില്ലയില്‍  രണ്ടുപേര്‍കൂടി  നിരീക്ഷണത്തില്‍

മലപ്പുറം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ രണ്ടുപേര്‍കൂടി മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍. ഇതോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ എണ്ണം ആറായി. നേരത്തെ നിരീഷണത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

250 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗബാധിത പ്രദേശങ്ങളില്‍നിന്ന് വന്നവര്‍ 28 ദിവസം വീടുകളില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും പൊതുസ്ഥലങ്ങളിലോ പരിപാടികളിലോ പോകരുതെന്നും നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ദിവസവും രാവിലെയും വൈകിട്ടും കണ്‍ട്രോള്‍ റൂമില്‍നിന്ന് ഇവരുടെ വിവരങ്ങള്‍ അന്വേഷിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ബ്ലോക്ക് ആരോഗ്യ കേന്ദ്രങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

ഈസമിതിയുടെ മേല്‍ നോട്ടത്തിലാണ് പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രോഗബാധിത മേഖലകളില്‍നിന്നെത്തിയവരുടെ വിവരങ്ങള്‍ ഓരോ പഞ്ചായത്തുകളും ശേഖരിച്ചിട്ടുണ്ടോ എന്നുറപ്പ് വരുത്തേണ്ടത് ബ്ലോക്കുകളിലെ സമിതികളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തും. ജില്ലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും തിരൂര്‍ ജില്ലാ ആശുപത്രിയിലുമാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നത്.

Sharing is caring!