മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കുഞ്ഞാലിക്കുട്ടിയെയും വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്

മുഖ്യമന്ത്രിയെയും പ്രതിപക്ഷ  നേതാവിനെയും കുഞ്ഞാലിക്കുട്ടിയെയും വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ  നിര്‍വാഹക സമിതിയംഗം   പി.കെ.കൃഷ്ണദാസ്

മലപ്പുറം: യു.ഡി.എഫിന്റെ മനുഷ്യ ഭൂപടത്തിനും എല്‍.ഡി.എഫിന്റെമനുഷ്യചങ്ങല അടക്കമുള്ള
പ്രതിഷേധങ്ങള്‍ക്കും മതഭീകര സംഘടനകളുടെ വിദേശ ഫണ്ട് കൈപ്പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.എ.എ പ്രതിഷേധത്തിന്റെ മറവില്‍ തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ മതകലാപത്തിന് കോപ്പുകൂട്ടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജിഹാദി ഭീകരതയ്ക്ക് സി.പി.എമ്മും കോണ്‍ഗ്രസും
പ്രോത്സാഹനമേകുന്നു. ഏതുസമയവും പൊട്ടാവുന്ന അഗ്‌നിപര്‍വതത്തിന് സമാനമാണ് കേരളത്തിലെ അവസ്ഥ. പൊലീസ് നിസ്സംഗരായി നില്‍ക്കുന്നു. ഇതിനെതിരെ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. താഴെതട്ടില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും മതവിഭജനമുണ്ടാക്കാന്‍ മുന്നിലുണ്ട്. സി.എ.എയെ അനുകൂലിക്കുന്നവര്‍ക്ക് വ്യാപകമായി ജോലി നിഷേധിക്കുന്നു. പ്രകോപനപരമായ പ്രകടനങ്ങളിലൂടെയും കച്ചവട സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള മിന്നല്‍ ഹര്‍ത്താലുകളിലൂടെയും മതസ്പര്‍ദ്ദ വളര്‍ത്തുന്നു. ഒരേ ബുദ്ധികേന്ദ്രത്തിന്റെ
തിരക്കഥ അനുസരിച്ചാണ് ഇതെല്ലാം നടക്കുന്നത്. കാശ്മീരിലേതു പോലെ
നിയമപാലകര്‍ക്ക് നേരെ കല്ലെറിയുന്ന അവസ്ഥ കേരളത്തിലുമുണ്ടാവും.
ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ ഇരുമുന്നണികളും ആദരവും ബഹുമാനവും നല്‍കുന്നത് ഇവരുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സി.എ.എ പ്രതിഷേധത്തിന് മതഭീകര സംഘടനകള്‍ വിദേശ ഫണ്ട് കൈപ്പറ്റിയതായി കേന്ദ്ര ഏജന്‍സികള്‍
സ്ഥിരീകരിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ മനുഷ്യ ഭൂപടത്തിനും എല്‍.ഡി.എഫിന്റെ
മനുഷ്യചങ്ങല അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കും ഈ ഫണ്ട് കൈപ്പറ്റിയോ എന്ന്
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. പൗരത്വ ഭേദഗതി നിയമത്തിലെ മുസ്‌ലീം
വിരുദ്ധത തെളിയിക്കാന്‍ പരസ്യസംവാദത്തിന് മുഖ്യമന്ത്രിയെയും പ്രതിപക്ഷ
നേതാവിനെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയും വെല്ലുവിളിക്കുന്നെന്നും പി.കെ.
കൃഷ്ണദാസ് പറഞ്ഞു.

Sharing is caring!