ഓരോ ദിവസവും പ്രതിഷേധത്തിന്റെ ശക്തി വര്‍ധിച്ചുവരുന്നു-ഹൈദരലി തങ്ങള്‍

ഓരോ ദിവസവും  പ്രതിഷേധത്തിന്റെ ശക്തി  വര്‍ധിച്ചുവരുന്നു-ഹൈദരലി തങ്ങള്‍

മലപ്പുറം: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വീണ്ടുമൊരു വിമോചന സമരത്തിലാണ് ഓരോ ഇന്ത്യക്കാരനുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍.
മതത്തിന്റെ പേരില്‍ ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനെതിരെ ജാതി മത വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ ഓരോ ഇന്ത്യക്കാരനും പ്രതിഷേധവുമായി രംഗത്തുണ്ട്. ഗാന്ധിജിയുടെ പാത പിന്തുടര്‍ന്നുവേണം ഫാസിസത്തിന്റെ പിടിയില്‍ നിന്നും നമ്മുടെ ഇന്ത്യയെയും പരിപാവനമായ ഭരണഘടനയേയും സംരക്ഷിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചങ്കുറപ്പോടെ ഭാരതം; ഒരുക്കാം ഒരുമയുടെ ഭൂപടം എന്ന പ്രമേയത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഓരോ ദിവസവും അതിന്റെ ശക്തി വര്‍ധിച്ചുവരികയാണ്. വിഭാഗീയ നീക്കങ്ങളെ ഒരുമയുടെ വന്‍മതില്‍ തീര്‍ത്തുകൊണ്ട് പരാജയപ്പെടുത്തണം. ഇന്ത്യയുടെ ഹൃദയം തകര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കപ്പെടുന്നത് വരെ നാം ഓരോരുത്തരും ഈ സമരത്തിന്റെ മുന്നണിപ്പോരാളിയായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായി പങ്കെടുത്തു.
യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയമോഹന്‍ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹ്്മാന്‍ രണ്ടത്താണി, അഡ്വ. പി.എം.എ സലാം, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, അഡ്വ.എം.ഉമ്മര്‍, സി. മമ്മുട്ടി, മുന്‍മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, ജോണി പുല്ലന്താണി, കെ.പി അബ്ദുല്‍ മജീദ്, ഇ. മുഹമ്മദ് കുഞ്ഞി, ആര്യാടന്‍ ഷൗക്കത്ത്, എം.അബ്ദുല്ലക്കുട്ടി, എം.എ ഖാദര്‍, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, പി.കെ.സി അബ്ദുറഹ്്മാന്‍, നൗഷാദ് മണ്ണിശ്ശേരി, പറമ്പന്‍ റഷീദ്, മാത്യു വര്‍ഗീസ്, കുറുക്കോളി മൊയ്തീന്‍, ഡോ.ഹരിപ്രിയ, വി. ബാബു രാജ്, അന്‍വര്‍ മുള്ളമ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!