ബഹുസ്വരതയാണ് ഖുര്‍ആന്റെ ആധാരം: ഡോ. ജോസഫ് ലംബാര്‍ഡ്

ബഹുസ്വരതയാണ്  ഖുര്‍ആന്റെ ആധാരം:  ഡോ. ജോസഫ് ലംബാര്‍ഡ്

തിരൂരങ്ങാടി: മതങ്ങള്‍ക്കിടയില്‍ വിദ്വേഷവും സംഘര്‍ഷവും വര്‍ധിച്ചുവരുന്ന വര്‍ത്തമാന കാലത്ത്, ബഹുസ്വരതയിലൂന്നിയ വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് പ്രസക്തിയേറുകയാണെന്ന് പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ പ്രൊഫ. ഡോ. ജോസഫ് ലംബാര്‍ഡ്. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലെ ഖുര്‍ആന്‍ പഠന വിഭാഗം സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈവിധ്യവും ബഹുസ്വരതയുമാണ് ഖുര്‍ആന്റെ ആധാരമെന്നും ദിവ്യവചനങ്ങളില്‍ തിരുത്തലുകള്‍ വരുത്തുന്നവരെയാണ് വിശുദ്ധ ഖുര്‍ആന്‍ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസിന്റെയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്ലാമിക് ചെയറിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പത്തിലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ പണ്ഡിതരും ഗവേഷക വിദ്യാര്‍ത്ഥികളും മുപ്പതിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ബുധനാഴ്ച വൈകിട്ടു നടന്ന സമാപന സമ്മേളനം കുവൈത്ത് യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ വിഭാഗം മേധാവി ഡോ. ഫൈസല്‍ അല്‍ ഖല്ലാഫ് ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഖുര്‍ആന്‍ വിഭാഗം പ്രൊഫസര്‍ ഡോ. നശ്വാന്‍ അബ്ദുല്‍ ഖാലിദ്, ബംഗ്ലാദേശ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് മേദാവി ഡോ. മുഹമ്മദ് അബൂ യാസീന്‍, ഡോ. ഹാഫിസ് ഹാശിം നദ്വി, ഡോ. ഹൈദര്‍വാലി ബാംഗ്ലൂര്‍, ഡോ. മുനീര്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.സുഹൈല്‍ ഹിദായ ഹുദവി സ്വാഗതവും ഹാഫിള് ആശിഖ് ഇബ്രാഹിം നന്ദിയും പറഞ്ഞു.എ.ടി ഇബ്രാഹീം ഫൈസി, പി മുഹമ്മദ് ഇസ്ഹാഖ് ബാഖവി, ഹാജി യു.മുഹമ്മദ് ശാഫി, എം.കെ ജാബിര്‍ അലി ഹുദവി, പ്രൊഫ. ഡോ. യൂവികെ മുഹമ്മദ്, സി.എച്ച് ശരീഫ് ഹുദവി, എ പി മുസ്തഫ ഹുദവി അരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ത്രിദിന കോണ്‍ഫറന്‍സിന്റെ അവസാന ദിവസമായ ഇന്ന് കേരള മുസ്ലിം പൈതൃക കേന്ദ്രങ്ങളിലൂടെയുള്ള കള്‍ച്ചറല്‍ വിസിറ്റ് നടക്കും. യാത്രയില്‍ വിവിധ വിദേശ പ്രതിനിധികളും ദാറുല്‍ ഹുദാ ഖുര്‍ആന്‍ വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥികളും സംബന്ധിക്കും.

Sharing is caring!