നടക്കുന്നത് സെന്‍സസ് മാത്രം; എന്‍.പി.ആര് ഇല്ല: -ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്
മലപ്പുറം: ജില്ലയില്‍ നടക്കുന്നത് സെന്‍സസിനുള്ള നടപടിക്രമങ്ങള്‍ മാത്രമാണെന്നു ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള വിവര ശേഖരണം നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തു എന്‍.പി.ആര് പുതുക്കുന്ന നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചതാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ സെന്‍സസ് ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നേരത്തെതന്നെ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന നടപടികളില്‍ ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
വിവര ശേഖരണത്തിന് അധ്യാപകരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മഞ്ചേരി നഗരസഭ തിരുവനന്തപുരത്തെ സെന്‍സസ് ഓപ്പറേഷന് ഡയറക്ടറേറ്റില്‍ നിന്നു ലഭിച്ച അറിയിപ്പടക്കം വിദ്യാലയങ്ങള്‍ക്കു കത്തു നല്‍കിയതാണ് വിവാദത്തിനിടയാക്കിയത്. ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം വിശദീകരണം നല്കാന് നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. എന്‍.പി.ആര് പ്രയോഗമുള്‍പ്പെടെ വിദ്യാലയങ്ങളിലേക്കു നല്കിയ കത്തുകളെല്ലാം പിന്‍വലിച്ചു. സെന്‍സസ് ജോലികള്‍ക്കു നിയോഗിക്കാനുള്ള അധ്യാപകരുടെ വിവരങ്ങള്‍ ഈ മാസം 30നകം വിദ്യാലയാധികൃതര്‍ സെന്‍സസ് ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്കു നല്‍കണം. വിവരങ്ങള്‍ പരിശോധിച്ചു ആവശ്യമായത്ര ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സെന്‍സസ് ചാര്‍ജ്ജ് ഓഫീസര്‍മാര്‍ പ്രത്യേക മാതൃകയില്‍ തയ്യാറാക്കണം.
സെന്‍സസുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നു ലഭിക്കുന്നത് എന്‍.പി.ആറുമായി ബന്ധപ്പെടുത്തിയാണ്. വിവര ശേഖരണത്തിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അറിയിപ്പുകള് നല്കുമ്പോള് എന്‍.പി.ആര് എന്ന പ്രയോഗം പൂര്‍ണമായും ഒഴിവാക്കിയാണ് കത്തുകള്‍ തയ്യാറാക്കേണ്ടതെന്നു സെന്‍സസ് ചാര്‍ജ്ജ് ഓഫീസര്‍മാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. സെന്‍സസ് സംബന്ധിച്ച അറിയിപ്പുകള് ചാര്‍ജ്ജ് ഓഫീസര്‍മാര്‍ വായിച്ചു മനസിലാക്കിയാവണം അറിയിപ്പുകള് തയ്യാറാക്കേണ്ടത്. വിദ്യാലയങ്ങളിലേക്കടക്കം നല്കുന്ന കത്തുകളും ജാഗ്രതയോടെ പരിശോധിക്കണം. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്തു നടക്കുന്ന യോഗത്തില്‍ സെന്‍സസ് സംബന്ധിച്ചു കൂടുതല്‍ തീരുമാനങ്ങളുണ്ടാവും. സര്‍ക്കാര്‍ തീരുമാനം ലഭിച്ച ശേഷം സെന്‍സസ് ചാര്‍ജ്ജ് ഓഫീസര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സെന്‍സസ് ചാര്‍ജ്ജ് ഓഫീസര്‍മാരുടെ ചുമതലയുള്ള താലൂക്ക് തഹസില്‍ദാര്‍മാര്‍, നഗരസഭ സെക്രട്ടറിമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(എം.പി.എം 376/2020)
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]