എന്‍.പി.ആര്‍ നടപടി: മഞ്ചേരി നഗരസഭാ സെക്രട്ടറിയുടെ മുറിയുടെ വാതില്‍ തകര്‍ത്തു

എന്‍.പി.ആര്‍ നടപടി: മഞ്ചേരി നഗരസഭാ  സെക്രട്ടറിയുടെ മുറിയുടെ  വാതില്‍ തകര്‍ത്തു

മഞ്ചേരി:എന്‍.പി.ആര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മഞ്ചേരി നഗരസഭ സെക്രട്ടറി പുറത്തിറക്കിയ വിവാദ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്ന് പ്രതിഷേധക്കളമായി നഗരസഭാ കാര്യാലയം. മുസ് ലിം യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ചുമായി നഗരസഭയില്‍ എത്തിയത്. രാവിലെ ഒന്‍പതോടെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയെ ഉപരോധിച്ചു. ഒരു മണിക്കൂറിന് ശേഷം 200 ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി എത്തി.

നഗരസഭാ കവാടത്തില്‍ മഞ്ചേരി സി.ഐ അലവിയുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞെങ്കിലും തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ഒന്നാംനിലയിലെ സെക്രട്ടറിയുടെ മുറിക്ക് മുന്നിലെത്തി. സെക്രട്ടറിയുടെ മുറിയുടെ വാതില്‍ തകര്‍ത്ത് ചേംബറിലെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറി ഓഫീസില്‍ നിന്ന് പുറത്തിറങ്ങണമെന്നാവശ്യപ്പെട്ടു. ഇതിനിടയില്‍ പൊലിസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ലീഗ് നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയത്.

നഗരസഭാ കവാടത്തില്‍ പ്രതിഷേധ സംഗമം തീര്‍ത്താണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. 11.30 ഒടെ ഭരണഘടനാ സംരക്ഷണ സമിതിയെന്ന പേരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ഗേറ്റിനുമുന്നില്‍ മാര്‍ച്ച് പൊലിസ് തടഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച ഉത്തരവിന്റെ പകര്‍പ്പോടെയാണ് മഞ്ചേരി നഗരസഭ സെക്രട്ടറി പ്രധാനാധ്യാപകര്‍ക്ക് കത്തയച്ചത്. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്
മലപ്പുറം ജില്ലയിലെ മഞ്ചേരി തുറയ്ക്കല്‍ സ്‌കൂള്‍, എച്ച്എംവൈഎച്ച്എസ്, ചുള്ളക്കാട് യുപി തുടങ്ങി 12 ഓളം സ്‌കൂള്‍ അധികൃതര്‍ക്ക് മഞ്ചേരി നഗരസഭ ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ടു കത്തയച്ചത്.

ജനസംഖ്യാ കണക്കെടുപ്പിന് ജീവനക്കാരുടെ പേരുവിവരങ്ങള്‍ ആവശ്യപ്പെട്ട് സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക് ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ അയച്ച സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ എന്‍.പി.ആര്‍ സംബന്ധിച്ച എല്ലാ നടപടികളും നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ 16ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും സ്റ്റേ ചെയ്തതായി ചൂണ്ടിക്കാണിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് നഗരസഭകള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നും എന്‍.പി.ആറിനായി ലഭിച്ച സര്‍ക്കുലര്‍ തുടര്‍ നടപടിയുടെ ഭാഗമായി വിദ്യാലയങ്ങളിലേക്ക് അയച്ചത്. എന്‍.പി.ആര്‍ ഇല്ലാതെ സെന്‍സസ് നടപടികളുമായി മുന്നോട്ടു പോകാനാണ് കഴിഞ്ഞ സംസ്ഥാന മന്ത്രി സഭയുടെ തീരുമാനം. ഇതിന്റെ മറപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.പി.ആര്‍ നടപ്പിലാക്കാന്‍ നീക്കം നടത്തുന്നത്.

Sharing is caring!