പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമം  റദ്ദാക്കുംവരെ വിശ്രമമില്ലെന്നും  ശക്തമായ പ്രക്ഷോഭം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യമഹാശൃംഖലയില്‍ പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപം കുടുംബസമേതം കണ്ണിചേര്‍ന്നശേഷം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ കേരളത്തില്‍ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പറയുന്നതൊന്നും നടപ്പാക്കുന്ന നാടല്ല കേരളം.

മതം നോക്കി പൗരത്വം നിര്‍ണയിക്കുന്ന ഈ കാടന്‍ നിയമത്തിന് ലോകമാകെ എതിരാണ്. ഭരണാധികാരികള്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കി. ഐക്യരാഷ്ട്ര സഭപോലും വിയോജിപ്പ് രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, പണ്ഡിതര്‍, എല്ലാവരും തെരുവിലിറങ്ങി. കാലാസഹാത്യ രംഗത്തുള്ളവര്‍ തങ്ങളുടെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തി. ചലച്ചിത്രലോകത്തും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്നു. സാധാരണഗതിയില്‍ പൊതുവെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാത്ത സെലിബ്രേറ്റികള്‍പോലും നിയമത്തിനെതിരെ രംഗത്തുവന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ അതിനെതിരെ പ്രതിഷേധവുമായി നമ്മുടെ നാട് ഒന്നിച്ചണിനിരക്കുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളെടുത്ത് പരിശോധിച്ചാല്‍ ദശ ലക്ഷങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിവിധ പ്രക്ഷോഭങ്ങളില്‍ പങ്കാളികളായത്. ഇത് അഭിമാനകരമാണ്. സമാധാനപരമായി കടുത്ത പ്രതിഷേധമാണ് കേരളം പ്രകടിപ്പിച്ചത്. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയുള്ള കടുത്ത പ്രതിഷേധം കേരള തനിമയുടേതുകൂടിയാണ്. ജാതി ഭേദവും മതേദ്വേഷവും ഇല്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന നാടിന് ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന അനീതി അംഗീകരിക്കാന്‍ കഴിയില്ല.

ഈ പ്രക്ഷോഭങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നുനിക്കുന്നതാണ് മനുഷ്യമഹാശൃംഖല. ഭൂരിഭാഗം സ്ഥലത്തും ശൃംഖല മതിലായി മാറി. എല്‍ഡിഎഫ് ആഹ്വാനം ചെയ്തതാണെങ്കിലും മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം പൂര്‍ണമനസോടെ ഒഴുകിയെത്തുകയായിരുന്നു. കേരളത്തിന്റെ മഹാ പ്രതിഷേധത്തില്‍ ജനസഹസ്രങ്ങളാണ് കണ്ണിചേര്‍ന്നത്. നമുക്ക് വിശ്രമിക്കാന്‍ പറ്റില്ല. നാടിന്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്താാനും മതനിരപേക്ഷത തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ പേരാട്ടം ശക്തമായി തുടരണം. ഭരണഘടനയുടെ എല്ലാ മൂല്യങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനാ ആമുഖ്യത്തില്‍ പറയുന്നതുപോലെ അതിനായി സ്വയം സമര്‍പ്പിക്കാം. എല്ലാവരും സന്നദ്ധരാകുക- മുഖ്യമന്ത്രി പറഞ്ഞു.

Sharing is caring!