പോളിയോ; കുപ്രചരണങ്ങളെ പൊളിച്ചടുക്കി മലപ്പുറത്തുകാര്‍

പോളിയോ; കുപ്രചരണങ്ങളെ  പൊളിച്ചടുക്കി മലപ്പുറത്തുകാര്‍

മലപ്പുറം: പോളിയോ പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്ന കാര്യത്തില്‍ ജില്ലയ്‌ക്കെതിരായ പ്രചാരണങ്ങളെ പൊളിച്ചടുക്കി മലപ്പുറം. മൂന്നാം ദിവസമായ ഇന്നലെ ആയിരക്കണക്കിന് കുട്ടികള്‍ കൂടി പ്രതിരോധ കുത്തിവയ്‌പ്പെടുത്തതോടെ ജില്ലയില്‍ വാക്‌സിനേഷന് വിധേയമായവരുടെ എണ്ണം 91 ശതമാനമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ അനുകൂലമായാണ് ജില്ല കുത്തിയ്പ്പിനോട് പ്രതികരിക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. 4,50,415 കുട്ടികള്‍ക്കാണ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം കുത്തിവയ്പ് നല്‍കേണ്ടത്. ഇത് സംസ്ഥാനത്തെ ഉയര്‍ന്ന നിരക്കായതിനാലാണ് ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സാവകാശം ലഭിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

കുത്തിവെപ്പിന്റെ ആദ്യ ദിനം 53 ശതമാനം കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. രണ്ടാം ദിവസം ഇത് 70 ശതമാനവും മൂന്നാം ദിവസമായ ചൊവ്വാഴ്ച 88 ശതമാനം വരെ നല്‍കാന്‍ സാധിച്ചു. ഇന്നലെ വൈകുന്നേരത്തോടെ 91 ശതമാനം കുട്ടികളും പോളിയോ വാക്‌സിനേഷന്‍ എടുത്തതായി മലപ്പുറം ഡപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇസ്മാഈല്‍ പറഞ്ഞു. ജില്ലയിലെ കുട്ടികളുടെ എണ്ണം അനുസരിച്ച് ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ക്ക് പോളിയോ വാക്‌സിനേഷന്‍ നല്‍കിയത് മലപ്പുറം ആവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. മറ്റു ജില്ലകളില്‍ ആദ്യ ദിനം തന്നെ 70- 90 ശതമാനം രേഖപ്പെടുത്തിയപ്പോള്‍ മലപ്പുറം പോളിയോ വാക്‌സിനേഷനോട് മുഖം തിരിച്ചു നില്‍ക്കുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.

അതേസമയം, മലപ്പുറത്തെ അഞ്ചുവയസ്സിന് താഴെയുള്ള 4,50,415 കുട്ടികളില്‍ 4,08,360 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായും 91 ശതമാനം നേട്ടം ഇതുവരെ ജില്ല കൈവരിച്ചതായും വൈകീട്ടോടെ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

കഴിഞ്ഞദിവസത്തെ വിവിധ ജില്ലകളില്‍ കുത്തിവയ്‌പ്പെടുത്ത കുട്ടികളുടെ കണക്കുകള്‍ ഇപ്രകാരമാണ്: തിരുവനന്തപുരം- 96, കൊല്ലം- 90, പത്തനംതിട്ട- 87, ആലപ്പുഴ- 89, കോട്ടയം- 88, ഇടുക്കി- 98, എറണാകുളം- 92, തൃശ്ശൂര്‍- 88, പാലക്കാട്- 77, കോഴിക്കോട് -80, വയനാട്- 79, കണ്ണൂര്‍- 82, കാസര്‍കോട്- 71. എന്നാല്‍, ഈ ജില്ലകളിലെ ഇന്നലത്തെ ഏറ്റവും പുതിയ കണക്കുകള്‍ സംസ്ഥാന ആരോഗ്യവകുപ്പിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ തിരുവനന്തപുരം ആസ്ഥാനം പ്രതികരിച്ചത്.

ജില്ലയില്‍ എല്ലാവര്‍ഷവും ആദ്യദിനം ബൂത്തിലെത്തി കുത്തിവയ്‌പ്പെടുക്കുന്നവര്‍ 50- 55 ശതമാനം മാത്രമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതുപ്രകാരം ഇത്തവണ ആദ്യദിനമായ ജനുവരി 19ന് ബൂത്തുകളില്‍ എത്തി 2,43,057 കുട്ടികള്‍ മാത്രമാണ് കുത്തിവയ്‌പ്പെടുത്തത്. പിന്നീട് 20, 21, തിയ്യതികളില്‍ നടന്ന വീട് സന്ദര്‍ശനത്തിലൂടെ 1,52,636 കുട്ടികള്‍ക്ക് കൂടി തുള്ളിമരുന്ന് നല്‍കി. ഇന്നും വീടുകള്‍ സന്ദര്‍ശിച്ചുള്ള കുത്തിവയ്പ് തുടരും. മലപ്പുറത്ത് വീടുകളുടെ എണ്ണം കൂടുതലായതിനാലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട്ുദിവസം കൊണ്ട് മുഴുവന്‍ വീടുകളും സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും അതുകൊണ്ടാണ് കൂടുതല്‍ ദിവസം എടുക്കുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്.

Sharing is caring!