കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാനെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവാദത്തിന് വെല്ലുവിളിച്ച് കബില്‍ സിബല്‍

കേരള ഗവര്‍ണര്‍ മുഹമ്മദ്  ആരിഫ്ഖാനെ ഭരണഘടനയുമായി  ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവാദത്തിന് വെല്ലുവിളിച്ച്  കബില്‍ സിബല്‍

പെരിന്തല്‍മണ്ണ: കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാനെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കബില്‍ സിബല്‍. പെരിന്തല്‍മണ്ണ പട്ടിക്കാട് ജാമിഅ നൂരിയയുടെ 57ാം വാര്‍ഷിക 55ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജൂനിയര്‍ കോണ്‍ഗ്ലേവ് സെഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് ഗവര്‍ണര്‍ക്ക് പറഞ്ഞുകൊടുക്കാനാകും. ഭരണ നിര്‍വഹണപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കും വഹിക്കാനില്ല. ഗവര്‍ണര്‍ ഭരണഘടന വായിക്കുകയാണങ്കില്‍ ഇക്കാര്യം മനസിലാകും. കേരളത്തില്‍ ഗവര്‍ണര്‍ നിയമസഭയെ മറികടന്നു കേന്ദ്ര സര്‍ക്കാരിന് ഒത്താശ ചെയ്യുകയാണ്.
ഈ സര്‍ക്കാര്‍ ആരെയും കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഹിറ്റ്‌ലറുടെ അജന്‍ഡയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. യൂനിവേഴ്‌സിറ്റികളെയും മാധ്യമങ്ങളെയും നിശബ്ദമാക്കിയിരിക്കുന്നു. ഭരണകൂടത്തിനെതിരേ ചിന്തിക്കുന്നവരെ നിശബ്ദമാക്കാനാണ് യൂണിവേഴ്‌സിറ്റികള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നതിലൂടെ ശ്രമിക്കുന്നത്. സര്‍വ്വകലാശാലകളുടെ സ്വയം ഭരണാവകാശം തകര്‍ക്കുന്നു. അത്തരം യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മോദി അനുകൂല മാധ്യമങ്ങള്‍ കാണുന്നില്ല. യുണിവേഴ്‌സിറ്റികളുടെ ഘടന തകര്‍ക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജെ.എന്‍.യുവില്‍ പൊലീസിനെ അയച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ജെ.എന്‍.യു മികച്ച നേതൃത്വത്തെ വാര്‍ത്തെടുക്കുന്ന യൂണിവേഴ്‌സിറ്റി ആയതു കൊണ്ടാണ് മോഡിയും സംഘവും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ഈ സര്‍ക്കാര്‍ പൊലീസ്, മീഡിയ, ജുഡീഷ്യറി, തുടങ്ങി എല്ലാ ഭരണഘടന സംവിധാനത്തെയും നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ സംവിധാനം ആര്‍ക്കും നശിപ്പിക്കാനാവില്ല. ഞാനും ഒരു അഭയാര്‍ത്ഥിയാണ്. എന്റെ പിതാവ് പാകിസ്ഥാനില്‍ നിന്നു കുടിയേറിയവനാണ്. ഡോക്യുമെന്റ്‌സ് ഒന്നും ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല. പ്രതേകിച്ച് ഒരുപാട് വര്‍ഷങ്ങള്‍ക്കു മുമ്പുള്ളത്. അതു കൊണ്ടാണ് ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ഫക്രുദീന്‍ അഹ്മദിന്റെ കുടുംബത്തിന് പൗരത്വം ലഭിക്കാതിരുന്നത്. ഇന്ത്യന്‍ പട്ടാളക്കാറാനായിരുന്ന സനാഉല്ലയുടെ കുടുംബത്തിനും സംഭവിച്ചതും ഇത് തന്നെ. പ്രധാനമന്ത്രിയും സര്‍ക്കാരും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. രാജ്യമാണ് പ്രധാനം. പാര്‍ട്ടിയല്ല. ഭരണഘടയാണ് മാതൃക, പ്രകടന പത്രികയല്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

Sharing is caring!