മലപ്പുറത്തിന് വീണ്ടും പ്രതീക്ഷ മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം സ്ഥിരം ഫ്‌ളഡ്‌ലിറ്റാവുന്നു

മഞ്ചേരി: സ്ഥിരം ഫ്‌ളഡ്‌ലിറ്റാവുന്നതോടെ മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പ്രതീക്ഷകളുടെ ആരവമുയരുന്നു. ഫ്‌ളഡ്‌ലിറ്റ് സംവിധാനത്തിന്റേയും സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റേയും ബാസ്‌കറ്റ്ബോള്‍ കോര്‍ട്ടിന്റെയും ഉദ്ഘാടനം ഉടന്‍ നടക്കുമെന്ന് എം. ഉമ്മര്‍ എം.എല്‍.എ. പറഞ്ഞു. ഔദ്യോഗിക ഉദ്ഘാടനത്തിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിനേയും ഗോകുലം എഫ്.സിയേയും സ്റ്റേഡിയത്തില്‍ എത്തിച്ചു ഫ്‌ളഡ്‌ലിറ്റ് സന്നാഹ മത്സരങ്ങള്‍ നടത്താനുള്ള നീക്കവും അണിയയറയില്‍ പുരോഗമിക്കുകയാണ്. ജില്ലയുടെ കായിക പ്രതീക്ഷകള്‍ക്കു ചിറകു മുളച്ച പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയവും സ്‌പോര്‍ട്‌സ് അക്കാഡമിയും അതിജീവനത്തിന്റെ പാതയിലാണ്. ഇന്നലെ രാവിലെ 9 മണിയോടെ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ. സ്റ്റേഡിയം സന്ദര്‍ശിച്ചു. സ്റ്റേഡിയത്തിലേക്കും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്കുമുള്ള പാതകള്‍ മികച്ച നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വെളിച്ച സംവിധാനമാണ് ഒരുക്കുന്നത്. ഇതിനുള്ള വിളക്കുകള്‍ ബാംഗ്ലൂരുവില്‍ നിന്ന് സ്റ്റേഡിയത്തില്‍ എത്തിച്ചു. ഭീമന്‍ വിളക്കു കാലുകള്‍ ഇക്കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. ഫെഡറേഷന്‍ കപ്പിനു വേദിയായ ശേഷം വര്‍ഷങ്ങളായി മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയും ഉറങ്ങി കിടക്കുകയാണ്. സ്ഥിരം വെളിച്ച സംവിധാനമില്ലാത്തതാണ് സ്റ്റേഡിയത്തില്‍ കളികളെത്താത്തതിനു കാരണമായത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ. ശ്രീകുമാര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി, യാഷിക് മേച്ചേരി, കെ കെ ബി മുഹമ്മദലി തുടങ്ങിയവര്‍ എം എല്‍ എക്കൊപ്പമുണ്ടായിരുന്നു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *