മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചെവി വേദനയുമായെത്തിയ യുവാവ് മരിച്ച സംഭവം വിവാദമാകുന്നു

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചെവി വേദനയുമായെത്തിയ യുവാവ് മരിച്ച സംഭവം വിവാദമാകുന്നു

മഞ്ചേരി: ചെവി വേദനക്കു ചികിത്സ തേടിയെത്തിയ യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച സംഭവം വിവാദമാവുന്നു. ആശുപത്രി അധികൃതരില്‍ നിന്നുണ്ടായ വീഴ്ചയാണ് മരണത്തിനിടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുമ്പുഴി സ്വദേശി പാലത്തിങ്ങല്‍ വേലായുധന്റെ മകന്‍ പ്രകാശനാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് വെളളിയാഴ്ച രാത്രി മരിച്ചത്. 39 വയസായിരുന്നു. ചെവി വേദനയെ തുടര്‍ന്ന് ബൈക്കില്‍ ഭാര്യക്കൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു പ്രകാശന്‍. ചികിത്സയുടെ ഭാഗമായി ഇഞ്ചക്ഷന്‍ കൊടുത്തതോടെ പ്രകാശന് ദേഹാസ്വാസ്ഥ്യമുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഏറെ വൈകാതെ മരണപ്പെടുകയായിരുന്നു. ഇതോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരം സംഘര്‍ഷഭരിതമാകുകയായിരുന്നു. ചികിത്സാ വീഴ്ചയാണ് മരണത്തിനു കാരണമെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്തു ബഹളം വെച്ചു.
എന്നാല്‍ യുവാവിന്റെ മരണത്തില്‍ അസ്വാഭാവികതയോ ചികിത്സാ പിഴവോ വന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതോടെ ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ്മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജിലാക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗമ്യമാണ് മരിച്ച പ്രകാശന്റെ ഭാര്യ. മാതാവ് : കല്യാണി.

Sharing is caring!