പ്രളയത്തിന്റെ പേരില്‍ തട്ടിപ്പു നടത്തുന്ന പി.വി അന്‍വര്‍ എം.എല്‍.എ രാജിവെക്കണം: വി.വി പ്രകാശ്

പ്രളയത്തിന്റെ പേരില്‍  തട്ടിപ്പു നടത്തുന്ന പി.വി അന്‍വര്‍  എം.എല്‍.എ രാജിവെക്കണം:  വി.വി പ്രകാശ്

നിലമ്പൂര്‍: റീബില്‍ഡ് നിലമ്പൂരിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തുന്ന പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ആവശ്യപ്പെട്ടു. അന്‍വറിന്റെ രാജിയാവശ്യപ്പെട്ട് നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ എം.എല്‍.എ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെമ്പന്‍കൊല്ലിയില്‍ ആദിവാസികളുടെ വീട് നിര്‍മ്മാണം തടസപ്പെടുത്തിയ എം.എല്‍.എക്കെതിരെ ആദിവാസി പീഢന നിരോധന നിയമപ്രകാരം കേസെടുക്കണം. തട്ടിപ്പുകാരനായ അന്‍വറിനെ എം.എല്‍.എയാക്കിയതിന് സി.പി.എം നേതൃത്വം മുന്‍കാല പ്രാബല്യത്തില്‍ ജനങ്ങളോട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് ഭൂമി കച്ചവടം നടത്താന്‍ കഴിയാതെ സമനിലതെറ്റിയപോലെയാണ് എം.എല്‍.എ പെരുമാറുന്നതെന്നും പ്രകാശ് ആരോപിച്ചു. അന്‍വറിന്റെ തട്ടിപ്പുകള്‍ക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കമാണ് എം.എല്‍.എ ഓഫീസ് മാര്‍ച്ചെന്നും വ്യക്തമാക്കി.
റീബില്‍ഡ് നിലമ്പൂരിന്റെ പേരില്‍ എം.എല്‍.എ നടത്തിയ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ് ആധ്യക്ഷം വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എം കരീം, കെ.പി.സി.സി അംഗം വി.എസ് ജോയി, എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാനായി ജേക്കബ്, പത്മിനി ഗോപിനാഥ്, ഷേര്‍ളി വര്‍ഗീസ്, കല്ലായി മുഹമ്മദാലി, എന്‍.എ കരീം, പാലോളി മെഹബൂബ് പ്രസംഗിച്ചു.

Sharing is caring!