‘റീബില്‍ഡ് നിലമ്പൂര്‍’ കവളപ്പാറയ്ക്ക് ബാധ്യത ആകുന്നു

‘റീബില്‍ഡ് നിലമ്പൂര്‍’ കവളപ്പാറയ്ക്ക് ബാധ്യത ആകുന്നു

മലപ്പുറം: കവളപ്പാറയുടെ പുനരധിവാസ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ജില്ലാ കലക്ടറും, സ്ഥലം എം എല്‍ എ പി വി അന്‍വറുമായുള്ള പോര്. ഡിസംബര്‍ 17ന് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച കവളപ്പാറ പുനരധിവാസ പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്താനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കലക്ടര്‍ മലപ്പുറം ലൈഫിനോട് പറഞ്ഞു. സൗജന്യമായി ഭൂമിയും, വീടും ലഭിക്കുകയാണെങ്കില്‍ സ്വാഭാവികമായും സര്‍ക്കാര്‍ സഹായം ലഭ്യമാകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോത്തുകല്ല് പഞ്ചായത്തില്‍ തന്നെ ഒമ്പത് ഏക്കര്‍ സ്ഥലം പദ്ധതിക്കായി ഇപ്പോള്‍ കണ്ടെത്തിയാണ് കെയര്‍ ഹോം പദ്ധതി പ്രകാരം കവളപ്പാറ പുനരധിവാസ പദ്ധതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഡിസംബര്‍ 17നാണ്. ഡിസംബര്‍ മൂന്നാം വാരമാണ് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം രണ്ട് ദിവസത്തിനകം സ്ഥലം കണ്ടെത്തി പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഉടന്‍ തന്നെ തീരുമാനം ആകുമെന്ന് പ്രതീക്ഷിച്ച ഫയലില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ലെന്ന് കലക്ടര്‍ പറഞ്ഞു. ഇതില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീടും, സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ട 67 കുടുംബങ്ങളാണ് കവളപ്പാറയിലുള്ളത്. ഇതില്‍ 27 ആദിവാസി കുടുംബങ്ങള്‍ സര്‍ക്കാര്‍ ക്യാംപിലും, മറ്റുള്ളവര്‍ ബന്ധു വീടുകളിലും, വാടക വീടുകളിലുമാണ് കഴിയുന്നത്. ആറു ലക്ഷം രൂപ വരെ വീടു നിര്‍മാണത്തിന് സഹായം കിട്ടാന്‍ ഇവര്‍ അര്‍ഹരാണ്. എന്നാല്‍ സ്ഥലം കണ്ടെത്താന്‍ വൈകിയതിനാല്‍ പുനരധിവാസവും വൈകുകയായിരുന്നു. പോത്ത്കല്ല് പഞ്ചായത്തില്‍ തന്നെ സ്ഥലം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതിനാലാണ് പദ്ധതി വൈകിയത്. ഈ പ്രതിസന്ധിയെല്ലാം മറികടന്നാണ് കെയര്‍ ഹോം പദ്ധതിയില്‍ പുനരധിവാസത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഇതും ഫയലില്‍ ഉറങ്ങുകയാണ്.

റീബില്‍ഡ് നിലമ്പൂരിനെതിരെ ഗുരുതരമായ ആരോപണമാണ് ജില്ലാ കലക്ടര്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് പ്രകാരം ലഭിച്ച ഭൂമിയെക്കുറിച്ചും, വീട് നിര്‍മിച്ച് നല്‍കാമെന്ന സംഘടനകളുടേയും, വ്യക്തികളുടേയും പ്രഖ്യാപനങ്ങളെക്കുറിച്ചും മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞ വിവരമേയുള്ളു. സ്ഥലം ലഭ്യമായത് സര്‍ക്കാരിലേക്ക് നല്‍കുകയാണെങ്കില്‍ കവളപ്പാറയിലെ കുടുംബങ്ങളുടെ പുനരധിവാസം സുഗമമായി നടപ്പാക്കാനാകും. അതല്ല സ്വകാര്യ വ്യക്തികള്‍ വീട് നിര്‍മിക്കാന്‍ തയ്യാറാണെങ്കില്‍ ആ സ്ഥലം ഗുണഭോക്താക്കളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് വീട് നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ റീബില്‍ഡ് നിലമ്പൂര്‍ തുടങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരേണ്ടതുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കവളപ്പാറ പുനരധിവാസത്തിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കലക്ടര്‍ പറഞ്ഞു. സ്ഥല ലഭ്യതയുടെപ്രശ്‌നമാണ് പദ്ധതി വൈകിച്ചത്. അതിനിടയിലാണ് ദുരന്തം വേട്ടയാടിയ കോളനിക്കാര്‍ക്ക് സഹായവുമായി ഫെഡറല്‍ ബാങ്കെത്തുന്നത്. ജില്ലാ ഭരണാധികാരിയെന്ന നിലയില്‍ ഇതിന് പിന്തുണ നല്‍കേണ്ടതുണ്ട്. എം എല്‍ എ അടക്കം എല്ലാവര്‍ക്കും ഇതേക്കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വീടുകളുടെ നിര്‍മാണം നാളെ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Sharing is caring!