അമിത്ഷായുടെ കേരളാ സന്ദര്‍ശനം സംയുക്ത ഹര്‍ത്താല്‍ നടത്തണം നാഷണല്‍ യൂത്ത് ലീഗ്

അമിത്ഷായുടെ കേരളാ  സന്ദര്‍ശനം സംയുക്ത  ഹര്‍ത്താല്‍ നടത്തണം നാഷണല്‍ യൂത്ത് ലീഗ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരളാ സന്ദര്‍ശന ദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതേതര കേരളത്തിന്റെ പ്രതിഷേധമായി എല്‍.ഡി.എഫും യു.ഡി.എഫും സംയുക്ത ഹര്‍ത്താല്‍ നടത്താന്‍ തയ്യാറാകണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ ശക്തമായ പ്രതിഷേധമായി ഹര്‍ത്താല്‍ കേന്ദ്ര ഗവണ്‍മെന്റിനെ ബോദ്ധ്യപ്പെടുത്താന്‍ പൗരത്വ നിയമത്തിനെതിരെ സംയുക്ത സമരം നടത്തുന്ന കേരളാ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കും. അമിത്ഷായുടെ കേരള സന്ദര്‍ശന ദിവസം കേരളത്തില്‍ കരിദിനവും, വിവിധ കേന്ദ്രങ്ങളില്‍ ബ്ലാക്ക് മാര്‍ച്ചുകളും സംഘടിപ്പിക്കാന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ മഹല്ല് കമ്മറ്റികളുടേയും മുസ്ലിം സംഘടനകളുടെയും കീഴില്‍ വേറിട്ടു നടത്തുന്നത് ബി. ജെ. പി യുടെ രാജ്യം വര്‍ഗ്ഗീയമായി വിഭജിക്കാനുള്ള ഫാസിസ്റ്റ് അജണ്ടക്ക് ആക്കം കൂട്ടുകയും പ്രതിഷേധ സമരങ്ങള്‍ വിപരീത ഫലമുണ്ടാക്കുകയും ചെയ്യുമെന്നും അത്തരം സമരങ്ങള്‍ മാറ്റി മതേതര സമൂഹം ഒറ്റക്കെട്ടായി ഇന്ത്യന്‍ പൗരാവലിക്ക് കീഴില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്നും വിവിധ മുസ്ലിം സംഘടനകളോടും മഹല്ല് കമ്മറ്റികളോടും നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി അദ്ധ്യക്ഷ്യം വഹിച്ചു. ഫാദില്‍ അമീന്‍, റഹീം ബണ്ടിച്ചാല്‍, ജെയിന്‍ ജോസഫ്, അഷ്റഫ് പുതുമ, നാസര്‍ കൂരാറ, ഷംസീര്‍ കരുവാന്‍ തുരുത്തി, ഷാജി സമീര്‍, റഹിയാന്‍ പറക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sharing is caring!