പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ച ആയിഷറെന്നക്ക് പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തുന്ന സംയുക്തപ്രതിഷേധത്തില്‍ വിലക്ക്

പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ച ആയിഷറെന്നക്ക് പൗരത്വ നിയമ  ഭേദഗതിക്കെതിരേ നടത്തുന്ന  സംയുക്തപ്രതിഷേധത്തില്‍  വിലക്ക്

മലപ്പുറം: പിണറായി സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തുന്ന സംയുക്തപ്രതിഷേധത്തില്‍ നിന്ന് ജാമിയ വിദ്യാര്‍ഥിനി ആയിഷറെന്നക്ക് ഭ്രഷ്ട്. വാഴക്കാട് പഞ്ചായത്തില്‍ സംഘടിപ്പിച്ച സംയുക്ത പ്രതിഷേധത്തില്‍ നിന്നാണ് ആയിഷയെ ഒഴിവാക്കിയത്. സിപി.എമ്മിന്റെ ബഹിഷ്‌കരണം ഭയന്നാണെത്രെ നടപടി. ആയിഷയുള്ള പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സി.പി.എം മെമ്പര്‍മാര്‍ അറിയിച്ചതോടെയാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇതുപോലൊരു സമരത്തില്‍ നിന്ന് അയിഷ റെന്നയെ മാറ്റിയത്.

ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിന്റെ മുഖമായാണ് ആയിഷ റെന്നയെ കേരളം പരിചയപ്പെട്ടത്. പൊലിസിനോട് ചൂണ്ടുവിരല്‍ ഉയര്‍ത്തി സംസാരിക്കുന്ന അവളുടെ ഫോട്ടോ വൈറലായിരുന്നു. അതോടെ താരമായ ആയിഷ റെന്ന പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

കൊണ്ടോട്ടിയില്‍ നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് ആയിഷയുടെ പ്രസംഗം പോലും സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞത്.’പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത പിണറായി സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നു’ എന്ന് അയിഷ പ്രസംഗത്തിനിടെ പറഞ്ഞതാണ് സി.പി.എം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
വലിയ പ്രതിഷേധമാണ് അന്ന് ഉണ്ടായത്. ആയിഷ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഏറെ പ്രയാസപെട്ടാണ് സംഘാടകര്‍ ആയിഷയെ പ്രതിഷേധക്കാരില്‍ നിന്ന് മാറ്റിയത്.

Sharing is caring!