കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് എയര്‍ഇന്ത്യ ജംബോ സര്‍വ്വീസ് ഫെബ്രുവരി 16മുതല്‍

കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക്  എയര്‍ഇന്ത്യ ജംബോ സര്‍വ്വീസ്  ഫെബ്രുവരി 16മുതല്‍

റിയാദ്: ജിദ്ദ,മലബാര്‍ മേഖല പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യത്തിനൊടുവില്‍ കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ ജംബോ സര്‍വ്വീസ് അടുത്ത മാസം മുതല്‍ ആരംഭിക്കും. അടുത്ത മാസം പതിനാറ് മുതല്‍ ആരംഭിക്കുന്ന ജിദ്ദ- കരിപ്പൂര്‍ ടിക്കറ്റിനു ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ജിദ്ദ കരിപ്പൂര്‍ സെക്റ്ററില്‍ ആരംഭിക്കുന്ന ജംബോ സര്‍വ്വീസ് ജിദ്ദ മേഖലയിലെ മലബാര്‍ പ്രവാസികള്‍ക്കും വിശുദ്ധ ഭൂമിയിലേക്ക് ഉംറ തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്കും ഏറെ ആശ്വാസകരമായിരിക്കും.

ഏറെ കാലമായി ഇക്കാര്യം ആവശ്യപ്പെട്ടു മലബാര്‍ നിവാസികള്‍ കാത്തിരിക്കുകയായിരുന്നു.നിലവില്‍ തയ്യാറാക്കിയിരിക്കുന്ന സമയക്രമം പ്രകാരം രാത്രി 11.15 നു ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 07.05 നു കരിപ്പൂരില്‍ എത്തും. തിരിച്ചു വൈകിട്ട് 5.30 നു പുറപ്പെട്ടു 9.15ന് ജിദ്ദയില്‍ എത്തും. 45 കിലോ ലഗേജാണ് എയര്‍ ഇന്ത്യ ഓരോ ഓരോ യാത്രക്കാരനും അനുവദിക്കുക. 2019 ഫെബ്രുവരിയിലാണ് കരിപ്പൂര്‍- ജിദ്ദ സര്‍വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ വിമാനത്താവള അധികൃതരെ അറിയിച്ചത്. തുടര്‍ന്ന്, ബി 747-400 ജെംബോ വിമാനത്തിന് ഡി.ജി.സി.എ കഴിഞ്ഞ ജൂലൈയില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്ഥിരം ജംബോ സര്‍വ്വീസുകള്‍ക്കുള്ള അനുമതി റണ്‍വേ നവീകരണത്തിന്റെ പേരില്‍ വൈകുകയായിരുന്നു. ണ്‍വേയുടെ നീളം 6,000 അടിയില്‍ നിന്നും 9,000 അടിയാക്കി നവീകരിച്ച ശേഷവും സ്ഥിര പറക്കലിനുള്ള അനുമതി വൈകുകയായിരുന്നു.

നിലവില്‍ പ്രവാസികള്‍ക്ക് കണ്ണൂരോ, നെടുമ്പാശ്ശേരിയിലോ വിമാനം ഇറങ്ങേണ്ട സ്ഥിതിയാണുള്ളത്. ഇത് പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപകമായ പരാതിയും ഉയര്‍ന്നിരുന്നു. ജംബോ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചതിലൂടെ പ്രവാസികളുടെ യാത്രാ ദുരിതത്തിന് വിരാമമായിരിക്കുന്നത്. 2015 ഏപ്രില്‍ മുപ്പതിനാണ് റണ്‍വേ നവീകനത്തിന്റെ പേരില്‍ കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ പിന്‍വലിച്ചിരുന്നത്.

Sharing is caring!