ബാങ്ക് വിളിച്ചപ്പോള്‍ പ്രസംഗം നിര്‍ത്തി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സംഭവം മലപ്പുറത്ത് പ്രസംഗിക്കുമ്പോള്‍

ബാങ്ക് വിളിച്ചപ്പോള്‍ പ്രസംഗം നിര്‍ത്തി ബി.ജെ.പി  സംസ്ഥാന  ജനറല്‍ സെക്രട്ടറി എം.ടി.രമേശ്,  സംഭവം മലപ്പുറത്ത് പ്രസംഗിക്കുമ്പോള്‍

മലപ്പുറം: ബാങ്ക് വിളിച്ചപ്പോള്‍ പ്രസംഗം നിര്‍ത്തി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഇന്ന് മലപ്പുറത്തു നടന്ന മലപ്പുറത്ത് നടന്ന ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സംഭവം. സാധാരണ ബി.ജെ.പി നേതാക്കള്‍ ബാങ്ക് വിളിക്കുമ്പോള്‍ പ്രസംഗം നിര്‍ത്തുന്ന പതിവുണ്ടാകാറില്ല. ഇന്ന് വൈകിന്നേരം മഗ്‌രിബ് ബാങ്ക് വിളിച്ചോപ്പോഴാണ് ബി.ജെ.പി. നേതാവ് ബാങ്ക് കഴിയുവോളം പ്രസംഗം നിര്‍ത്തി മൗനംപാലിച്ചത്.

പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് സിപിഎമ്മും ലീഗും മുസ്ലിങ്ങളുടെ മനസ്സിലേക്ക് തീ കോരിയിടുകയാണെന്ന് തുടര്‍ന്നു പ്രസംഗിച്ച എം.ടി.രമേശ് പറഞ്ഞു.
മുസ്ലിങ്ങള്‍ക്കിടയില്‍ നിലവില്‍ ഉണ്ടായിരിക്കുന്ന വേവലാതി സ്വാഭാവികമാണ്. കള്ളപ്രചരണത്തില്‍ അവര്‍ അടിപ്പെട്ടുപോകുകയായിരുന്നു. പൗരത്വ നിയമ ഭേദഗതി മുസ്ലിങ്ങളെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള തന്ത്രമാണെന്ന രീതിയിലാണ് കോണ്‍ഗ്രസും സിപിഎമ്മും ലീഗും തീവ്രമുസ്ലിം സംഘടനകളും സംയുക്തമായി പ്രചരിപ്പിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി കേരളാ നിയമസഭയിലും ഇത് തന്നെയാണ് ആവര്‍ത്തിച്ചത്. രാഷ്ട്രീയലാഭത്തിന് വേണ്ടി രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഒരു ഇന്ത്യക്കാരനോടും ആരും പൗരത്വം ചോദിക്കില്ല. നിയമം ഭേദഗതി ചെയ്തത് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്. പക്ഷേ അതിനെ വര്‍ഗീയവത്ക്കരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍. സാധുക്കളായ ജനങ്ങള്‍ ഈ കുപ്രചരണങ്ങള്‍ വിശ്വസിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കാനും വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ അതിന് മുമ്പ് വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ അത് രാജ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം അലി അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജനചന്ദ്രന്‍, സി.വാസുദേവന്‍, സി.കെ.കുഞ്ഞുമുഹമ്മദ്, കെ.നാരായണന്‍, എം.പ്രേമന്‍, കെ.കെ.സുരേന്ദ്രന്‍, അഡ്വ.ടി.കെ.അശോക് കുമാര്‍, അഡ്വ.മാഞ്ചേരി നാരായണന്‍, ഗീതാ മാധവന്‍, ഡോ.കുമാരി സുകുമാരന്‍, വി.ഉണ്ണികൃഷ്ണന്‍, എം.കെ.ദേവീദാസ്,അഡ്വ.എന്‍.ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് സ്വാഗതവും കെ.സി.വേലായുധന്‍ നന്ദിയും പറഞ്ഞു.

Sharing is caring!