പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി കേരളാനിയമസഭ

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി   കേരളാനിയമസഭ

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന സര്‍വ്വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് പാസാക്കിയ സിഎഎ നിയമത്തിനെതിരെ അടിയന്തരമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പ്രമേയം പാസാക്കി. പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തെ വകവെക്കാതെ മോദി സര്‍ക്കാര്‍ പാസാക്കിയ വിവാദ നിയമ നിരവധി സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ പാസായ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്ന രാജ്യത്തെ ആദ്യ സഭയായി കേരള നിയമസഭ മാറി.

മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി കൂടാതെ നിയമനിര്‍മാണ സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും പ്രമേയം പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ലോക്സഭയിലും നിയമസഭകളിലും പട്ടികജാതിവര്‍ഗ സംവരണം പത്തുവര്‍ഷം നീട്ടാനുള്ള ഭരണഘടന ഭേദഗതി നിയമത്തിനും സഭ അംഗീകാരം നല്‍കി.

ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടായിരുന്നു അവതരണം. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ ഒഴികെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു. സെന്‍സസ് നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ലോക്‌സഭയിലെയും നിയമസഭകളിലെയും സംവരണം ഒഴിവാക്കിയതിനെ സഭ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതാപരമായ പഠനം നടത്താതെ സംവരണം എടുത്തുമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണഘടന മോദിയും അമിത് ഷായും നശിപ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് നിമസഭാകക്ഷി നേതാവ് എം.കെ മുനീര്‍ പറഞ്ഞു. സമത്വം തകര്‍ക്കുന്നതാണ് പൗരത്വ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പൊലീസ് ബി.ജെ.പിയുടെ ചട്ടുകമായി മാറുന്നുവെന്ന തോന്നലുണ്ടാക്കരുത്. പ്രക്ഷോഭകാരികളെ വെറുതെ ജയിലില്‍ അടക്കുന്ന സാഹചര്യം ഉണ്ട്. ഇത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
സി.എ.എയും എന്‍.പി.ആറും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. സെന്‍സസ് നടക്കുമ്പോള്‍ എന്‍പിആര്‍ എന്തിനാണ്? ഗോള്‍വാള്‍ക്കറുടെ സിദ്ധാന്തം നടപ്പാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.ദേശീയ പതാകയെ എന്നാണ് ഇവര്‍ മാനിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ദേശീയ പതാക ഉയര്‍ത്താതെ കാവി പതാക ഉയര്‍ത്തിയവരാണ് സംഘ്പരിവാര്‍. അവരാണ് നമ്മളെ ദേശസ്നേഹം പഠിപ്പിക്കുന്നത്.മുസ്ലിമിന്റെ മാത്രം പ്രശ്നമായി ഇതിനെ ഞങ്ങള്‍ കാണുന്നില്ല. നാളെ ്രൈകസ്തവരുടെ, ദളിതന്റെ , ട്രാന്‍സ്ജെന്‍ഡറുകളുടെ പ്രശ്നമായി മാറും. മനുസ്മൃതിയാണ് ഇവരുടെ ഭരണഘടന. കെ.സി ജോസഫ് മുന്നോട്ടുവെച്ച ഭേദഗതി അംഗീകരിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

മൂന്ന് സുപ്രധാന പ്രമേയങ്ങളാണ് നിയമസഭ ചൊവ്വാഴ്ച പാസാക്കിയതെന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകള്‍ക്ക് മാതൃകയാകുന്ന നടപടിയാണിതെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പൗരത്വം നല്‍കുന്നതില്‍ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷധമുണ്ടായി. കേരളത്തില്‍ ഒറ്റക്കെട്ടായി സമാധാനപരമായിരുന്നു പ്രതിഷേധം. ഈ നിയമം നമ്മുടെ ഭരണഘടനയുടെ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്‌കാരത്തേയും ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യന്‍ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍ മതരാഷ്ട്ര സമീപനമാണ് അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്.

ഇത് ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ഉയര്‍ന്ന് വരുന്ന ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.

നിലവില്‍ നിയമമായ സ്ഥിതിക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളരുതെന്ന് കൂടി പ്രമേയത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു. ഇതിനിടെ പട്ടികജാതിപട്ടിക വര്‍ഗ സംവരണം നീട്ടാനുള്ള പ്രമേയം സഭ പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ജീര്‍ണ്ണിച്ച ജാതി വ്യവസ്ഥ പലതട്ടിലും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും സഭയില്‍ പ്രമേയം പാസാക്കി. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു.

Sharing is caring!