പൗരത്വ ബില്‍: ബി.ജെ.പിയില്‍ നിന്ന് ന്യൂനപക്ഷ നേതാക്കള്‍ പുറത്തേക്ക്, താഹ ബാഫഖിതങ്ങള്‍ രാജിവെച്ചു
കോഴിക്കോട്: അടുത്ത കാലത്ത് ബി.ജെ.പിയില്‍ അഭയം തേടിയ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജിക്കൊരുങ്ങുന്നു. ന്യൂനപക്ഷങ്ങളെ കൂടുതല്‍ പാര്‍ട്ടിയിലേക്കെത്തിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കപ്പെട്ടവരാണ് ദേശീയ നേതൃത്വത്തിന്റെ കടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് രാജിവെക്കുന്നത്.
വിവിധ പാര്‍ട്ടികളില്‍ ഇടഞ്ഞു നിന്നിരുന്നവരാണ് വലിയ സ്ഥാനം മോഹിച്ചും മറ്റും ബി.ജെ.പിയിലേക്കു കൂടുമാറിയിരുന്നത്. കോഴിക്കോട് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാം, എ.പി.അബ്ദുല്ലക്കുട്ടി, മുസ്ലിം ലീഗ് നേതാവ് സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ മകന്റെ മകന് താഹ ബാഫഖി തങ്ങള്‍, മുന്‍ സേവാദള്‍ നേതാവ് മുഹമ്മദ് ഷിയാസ്, ആം ആദ്മി പാര്‍ട്ടി നേതാവ് ഷെയ്ഖ് ഷാഹിദ് തുടങ്ങി വിവിധ സംഘടനകളിലും പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചിരുന്നവരാണ് അടുത്ത കാലത്ത് ബി.ജെ.പിയില്‍ അംഗത്വമെടുത്തിരുന്നത്.
ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ സയ്യിദ് താഹ ബാഫഖി തങ്ങള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചതായി ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിം ലീഗ് അംഗത്വം രാജിവച്ച് അഞ്ച് മാസം മുന്‍പ്, 2019 ഓഗസ്റ്റിലാണ് താഹ ബാഫഖി തങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
എന്നാല്‍ പ്രതീക്ഷിച്ചതുപോലെയല്ല സംഭവിച്ചത്. ബി.ജെ.പിയിലേക്കു കൂടുമാറിയ ന്യൂനപക്ഷങ്ങളെല്ലാം തന്നെ ഇപ്പോള്‍ കടുത്ത ആശങ്കയിലാണെന്ന് ഇവരില്‍ ചിലര്‍ വ്യക്തമാക്കുന്നു. ബാബരി മസ്ജിദ് പ്രശ്നം, കശ്മീര്‍ വിഷയം, മുത്വലാഖ് തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഇവരുടെ ആശങ്ക ഭീതിയായി നിറയുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് ജനരോഷം ശക്തമായതോടെയാണ് സംസ്ഥാന ബി.ജെ.പിയിലും നിയമഭേദഗതിയെച്ചൊല്ലിയുള്ള ഭിന്നത മറ നീക്കി പുറത്തുവരുന്നത്.
‘ഞാനൊരു പൂര്‍ണ ഇസ്ലാം മത വിശ്വാസിയാണ്. മുസ്ലിം സമുദായം പക്ഷേ ഇന്ന് പരിഭ്രാന്തിയിലാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍വകക്ഷിയോഗം പോലും വിളിക്കുന്നില്ല. ഈ പരിഭ്രാന്തിക്ക് മറുപടി നല്‍കുന്നുമില്ല. അതുകൊണ്ട് എന്റെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാര്‍ട്ടിയില്‍ നില്ക്കാന് എനിക്ക് താത്പര്യമില്ല. താഹ ബാഫഖി തങ്ങള്‍ വ്യക്തമാക്കി.
ഒന്നു രണ്ടാഴ്ച ഞാന്‍ എന്തെങ്കിലും തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമോ, സര്‍വകക്ഷിയോഗം വിളിക്കുമോ എന്നെല്ലാം കാത്തിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. നമ്മുടെ രാജ്യത്ത് പല അക്രമങ്ങളും ഇതിന്റെ പേരില്‍ നടക്കുകയാണ്. രാജ്യസഭയിലും ലോക്സഭയിലും ബില്ല് പാസ്സായി എന്ന് കരുതി, ജനങ്ങളുടെ വികാരം കണക്കെടുക്കാതിരിക്കുന്നത് എന്ത് നീതിയാണ്? അതും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം തീരെ കണക്കിലെടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാനാണ് എന്റെ തീരുമാനം”, താഹ ബാഫഖി തങ്ങള്‍ ചാനലിനോട് പ്രതികരിച്ചു. ഏതാണ്ട് ഇതേ ചിന്താഗതിക്കാരാണ് അടുത്ത കാലത്ത് ബി.ജെ.പിയില്‍ ചേക്കേറിയ മറ്റുള്ളവരും. അടുത്ത കാലത്തുതന്നെ താഹാതങ്ങളുടെ പാത സ്വീകരിച്ച് നിരവധിപേര്‍ പാര്‍ട്ടിവിടുമെന്നും ഇവരിലൊരാള്‍ പറഞ്ഞു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]