സംസ്ഥാന സര്‍ക്കാറിന്റെ മനുഷ്യത്വ രഹിത നിലപാടിനെതിരെ ജനപ്രതിനിധികളെ അണിനിരത്തി പ്രക്ഷോഭം നടത്തും: മുസ്ലിംലീഗ്

സംസ്ഥാന സര്‍ക്കാറിന്റെ  മനുഷ്യത്വ രഹിത നിലപാടിനെതിരെ ജനപ്രതിനിധികളെ അണിനിരത്തി  പ്രക്ഷോഭം നടത്തും: മുസ്ലിംലീഗ്

മലപ്പുറം: സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, വിധവാ പെന്‍ഷന്‍, പോലുള്ള സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകള്‍ക്കെതിരെ പ്രാദേശിക സര്‍ക്കാറുകളിലെ ജനപ്രതിനിധികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ ജീവനോടെ ഉണ്ടെന്ന് തെളിയിക്കാനായി നടപ്പിലാക്കിയ മസ്റ്ററിംഗ് വലിയൊരു പീഡനമായിരുന്നു. ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് നടത്താന്‍ ബാക്കിയുണ്ട്. വിധവാ പെന്‍ഷന്റെ മാനദണ്ഡങ്ങള്‍ മാറ്റിമറിച്ച് ആയിരക്കണക്കായ ഗുണഭോക്താക്കളെ അര്‍ഹരുടെ പട്ടികയില്‍നിന്ന് വെട്ടിമാറ്റാനുള്ള പുതിയ ഉത്തരവ് മനുഷ്യത്വരഹിതവും ക്രൂരവുമാണ്.
ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനം, ലൈഫ് പദ്ധതിയുടെ തലതിരിഞ്ഞ മാനദണ്ഡ ങ്ങള്‍ കാരണം ഈ പദ്ധതിയില്‍ വീട് ലഭിക്കാത്ത ആയിരക്കണക്കിന് കുടുംബങ്ങളെ കുത്തിനോവിക്കുന്നതിന് തുല്യമാണ് . ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ലൈഫ് ഭവന പദ്ധതിയുടെ യുടെ അപ്രായോഗികമായ മാനദണ്ഡങ്ങള്‍ കാരണം ഗുണഭോക്ത പട്ടികയില്‍ നിന്ന് പുറത്തു പോയവരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും മുസ്ലിം ലീഗ് തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് എം. എ .ഖാദര്‍ അധ്യക്ഷത വഹിച്ചു. അഡ്വ: യു.എ.ലത്തീഫ്, എം അബ്ദുള്ളക്കുട്ടി, ഉമ്മര്‍ അറക്കല്‍, ഇസ്മായില്‍ മൂത്തേടം, സലീം കുരുവമ്പലം, പി.കെ.സി. അബ്ദുല്‍ റഹ്്മാന്‍ , കെ.എം അബ്ദുല്‍ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!