നിലപാട് മാറ്റി അമിത് ഷാ, രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല

നിലപാട് മാറ്റി അമിത് ഷാ, രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ പട്ടികയും പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്നും രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ അദ്ദേഹം ഇതുവരെയെടുത്തിരുന്ന ഉറച്ച നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകുന്നതായുള്ള സൂചന നല്‍കിയത്.

എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നു. പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. എന്‍.ആര്‍.സി സംബന്ധിച്ച് പാര്‍ലമെന്റിലോ കാബിനറ്റ് യോഗത്തിലോ ചര്‍ച്ച നടന്നിട്ടില്ല. എന്‍.പി.ആര്‍ എന്നത് ജനസംഖ്യയുടെ പട്ടികയും എന്‍.സി.ആര്‍ പൗരത്വ പട്ടികയുമാണ്. രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല. യു.പി.എ സര്‍ക്കാരാണ് എന്‍.പി.ആര്‍ കൊണ്ടുവന്നത്. അത് തുടരുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്ന കേരള, ബംഗാള്‍ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും. ഇരുസംസ്ഥാനങ്ങള്‍ക്കും ഇതില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ല.

പ്രതിപക്ഷം ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.പി.ആറിലെ വിവരങ്ങള്‍ എന്‍.ആര്‍.സിക്കായി ഉപയോഗിക്കില്ല. പാവപ്പെട്ടവരുടെ ഉന്നമനത്തിനായാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്. അതുകൊണ്ട് ഇതിനെതിരായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന സാഹചര്യമുണ്ടാക്കും. സമരക്കാരുമായി ആശയ വിനിമയം നടത്തുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടാകാം. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നപടികളാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Sharing is caring!