പൗരത്വ സമരത്തില്‍ മരിച്ചുവീണവരെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത് മോദിയുടെ ക്രൂരതയുടെ തെളിവെന്ന് ഇ.ടി.

പൗരത്വ സമരത്തില്‍  മരിച്ചുവീണവരെ കുറിച്ച്  ഒരക്ഷരം മിണ്ടാത്തത് മോദിയുടെ ക്രൂരതയുടെ  തെളിവെന്ന് ഇ.ടി.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗത്തില്‍ സമരത്തിന്റെ ഭാഗമായി മരിച്ചുവീണവരെ കുറിച്ച് ഒരു വാക്കുപോലും പറയാതിരുന്നത് അദ്ദേഹത്തിന്റെ മനസിന്റെ ക്രൂരതയുടെ ഉദാഹരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ജനറല്‍ പോസ്റ്റ് ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നത് ഇന്ത്യയിലെ മുസ്ലിംകളോ ന്യൂനപക്ഷങ്ങളോ മാത്രമല്ല.
രാജ്യത്തുടനീളമുള്ള മതേതര വിശ്വാസികളാണ്. അതിനര്‍ഥം ഭരണഘടനയുടെ ആത്മാവായ മതേതരത്വം നിലനിര്‍ത്താന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നാണ്. ആരുടെയും പ്രേരണ ഇല്ലാതെ തന്നെ ഒരു ജനത മതേതരത്വം സംരക്ഷിക്കാന്‍ സമര രംഗത്തിറങ്ങുമ്പോള്‍ മോദിയുടെയും അമിത്ഷായുടെയും കണക്കുകൂട്ടലുകള്‍ തെറ്റും. ഈ സമരം ലക്ഷ്യം കാണുമോ എന്ന ആശങ്ക ആര്‍ക്കും വേണ്ട. വിജയം കാണുക തന്നെ ചെയ്യും. ഭേദഗതി നടപ്പിലാക്കില്ലെന്ന് കേരളം, ബംഗാള്‍, പഞ്ചാബ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇത് നല്ല സൂചനയാണ്. അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റിനും സാമൂഹ്യമാധ്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ഒരു ജനതയുടെ പ്രതിഷേധത്തെ നേരിടുന്നത് ലോകത്ത് ഒരു രാജ്യത്തും കേട്ടുകേള്‍വിയില്ലാത്തതാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15, 25 എന്നിവയെ നഗ്നമായി ലംഘിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളാ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകള്‍ ഭരണഘടനാപരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് കരമന അധ്യക്ഷത വഹിച്ചു.

Sharing is caring!