പൗരത്വ നിയമഭേദഗതിക്കെതിരേ കോഴിക്കോട് നടന്ന യൂത്ത്‌ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

പൗരത്വ നിയമഭേദഗതിക്കെതിരേ കോഴിക്കോട് നടന്ന യൂത്ത്‌ലീഗ്  മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരേ കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എം കെ മുനീര്‍ എംഎല്‍എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉള്‍പ്പടെയുള്ള 100 ഓളം യൂത്ത് ലീഗ് പ്രവത്തകരെ പോലിസ് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധപ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പോലിസ് ഇടപെട്ടത്. പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ എം കെ മുനീര്‍ ഉള്‍പ്പടെയുള്ളവരെ പോലിസ് അറസ്റ്റുചെയ്യുകയായിരുന്നു.

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രക്ഷോഭം കടുപ്പിച്ചത്തോടെയാണ് കൂടുതല്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കാന്‍ പോലിസ് തീരുമാനിച്ചത്. ഇതോടെയാണ് പി കെ ഫിറോസിന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് ലീഗ് പ്രവത്തകരെയും അറസ്റ്റുചെയ്തത്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എം കെ മുനീര്‍ എത്തി ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രവര്‍ത്തകര്‍ പോലിസിന്റെ വാഹനം തടയാനും ശ്രമിച്ചിരുന്നു.

Sharing is caring!