പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാതെ കേന്ദ്ര സര്‍ക്കാരിന് രക്ഷയില്ല: കുഞ്ഞാലിക്കുട്ടി

പൗരത്വ ഭേദഗതി നിയമം  പിന്‍വലിക്കാതെ കേന്ദ്ര സര്‍ക്കാരിന് രക്ഷയില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാതെ കേന്ദ്ര സര്‍ക്കാരിന് രക്ഷയില്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വേണ്ടത്ര ചിന്തയില്ലാതെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഇന്നല്ലെങ്കില്‍ നാളെ കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരും. സഖ്യകക്ഷികള്‍ പോലും കൈവിടുമ്പോള്‍ ബി.ജെ.പിക്ക് ഈ സമ്മര്‍ദ്ദം താങ്ങാനാവില്ല. ബുദ്ധിജീവികളുടെ പ്രക്ഷോഭമാണ് ഇന്ന് ഇന്ത്യ കാണുന്നത്. രാജ്യത്തിന് ഈ നിയമം ഒട്ടുംനല്ലതല്ലെന്ന് അവര്‍ക്കറിയാം. സമരങ്ങളെ അടിച്ചമര്‍ത്താമെന്നാണ് കേന്ദ്രത്തിന്റെ ധാരണ. ബ്രിട്ടീഷുകാര്‍ക്ക് പോലുമതിന് കഴിഞ്ഞിട്ടില്ല. ഇന്റര്‍നെറ്റ് റദ്ദാക്കുക, റോഡ് അടക്കുക പോലുള്ള മണ്ടന്‍ മാര്‍ഗങ്ങളെ പിന്‍പറ്റുന്നു. രാജ്യത്താകമാനം ഉയര്‍ന്ന പ്രക്ഷോഭത്തെ ഒരുതരത്തിലും അടിച്ചമര്‍ത്താനാവില്ല. ഡല്‍ഹിയിലും കേരളത്തിലും യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ യോജിച്ചാണ് സമരം നടത്തിയത്. ഇനിയങ്ങോട്ട് ഒറ്റയ്ക്കാണോ, കൂട്ടായിട്ടാണോ സമരം എന്നതല്ല വിഷയം. കരിനിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭമുണ്ടാവണം. രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം ആവശ്യമുള്ളപ്പോഴുണ്ടാവും. മറ്റെല്ലാം ബി.ജെ.പിയുടെ പ്രചാരണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!