പൗരത്വഭേദഗതി; പ്രതിഷേധങ്ങള്‍ അതിര് വിടുന്നതാവരുതെന്ന് സമസ്ത

പൗരത്വഭേദഗതി; പ്രതിഷേധങ്ങള്‍ അതിര്  വിടുന്നതാവരുതെന്ന്  സമസ്ത

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിര് വിടുന്നതാവരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പൗരത്വഭേദഗതി നിയമത്തിലെ വിവേചനത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളില്‍ കക്ഷിരാഷ്ട്രീയ മത ഭേദമന്യേ സര്‍വ്വരും പങ്കാളികളാവുന്നുണ്ട്. ജനാധിപത്യവും മതേതരത്വവും ധ്വംസിക്കുന്ന ഈ കരിനിയമത്തിനെതിരേ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോള്‍ സഹോദര സമുദായങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന വാക്കുകളോ പ്രവര്‍ത്തികളോ ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല.

പൗരത്വബില്ലിനെതിരേ ഉയര്‍ന്നുവന്ന ജനവികാരം മുതലെടുത്ത് ചില തീവ്രസംഘടനകള്‍ നടത്തുന്ന കുതന്ത്രങ്ങളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാവരുത്. നിയമം കയ്യിലെടുത്ത് കൊണ്ടുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് വിപരീതഫലമാണുണ്ടാവുക. ചിലരെ സന്തോഷിപ്പിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളു. സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കിയുള്ള സമരവും ഒഴിവാക്കേണ്ടതാണ്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയുള്ള പൗരത്വ നിയമത്തിനെതിരേ രാജ്യത്ത് ഉയര്‍ന്ന് വന്നിട്ടുള്ള ജനവികാരം മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയമം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Sharing is caring!