പൗരത്വബില്‍:ഡല്‍ഹിയിലെ തെരുവുയുദ്ധത്തില്‍ പോലീസിനെ ചൂണ്ടുവിരലില്‍ നിര്‍ത്തിയത് മലപ്പുറത്തിന്റെ പെണ്‍ ശൗര്യം

പൗരത്വബില്‍:ഡല്‍ഹിയിലെ  തെരുവുയുദ്ധത്തില്‍ പോലീസിനെ ചൂണ്ടുവിരലില്‍ നിര്‍ത്തിയത് മലപ്പുറത്തിന്റെ പെണ്‍ ശൗര്യം

മലപ്പുറം: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയുടെ താരമാണ് ഡല്‍ഹി ജാമിയ ഇസ്ലാമിയ കോളേജിലെ വിദ്യാര്‍ത്ഥിനി ആയിഷ റെന്ന എന്ന പെണ്‍കൂട്ടി. ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും എല്ലാം ഡല്‍ഹി പൊലീസിനെ ചൂണ്ടുവിരലില്‍ നിര്‍ത്തുന്ന ഈ പെണ്‍കുട്ടികളുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഈ പെണ്‍കുട്ടി മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയാണ് എന്ന പ്രത്യേകതയാണുള്ളത്. പിന്നീട് ഇവിടം ലാത്തിച്ചാര്‍ജ്ജും കല്ലേറും കണ്ണീര്‍വാതകവും തുടങ്ങി ഒരു തെരുവു യുദ്ധത്തിന്റെ ഇടമായി മാറിയിടത്താണ് പെണ്‍കുട്ടി പൊലീസിനെതിരെ പ്രതിരോധം തീര്‍തത്.

ഒപ്പമുണ്ടായിരുന്ന മലയാളികളായ സുഹൃത്തുക്കള്‍ ഷഹീന്‍ അബ്ദുള്ളയ്ക്കും ലദീദയ്ക്കും പൊലീസ് മര്‍ദ്ദനമേറ്റപ്പോഴായിരുന്നു റെന്ന പൊലീസിന് നേരെ വിരല്‍ ചൂണ്ടിയത്. മലപ്പുറത്തിന്റെ പോരാട്ടവീര്യവുമായാണ് ആയിഷ റെന്ന ഡല്‍ഹിയില്‍ എത്തിയത്. ലാത്തിയുമായി എത്തിയ പൊലീസുകാര്‍ക്കെതിരെ ഒരു കൂസലും ഇല്ലാതെയാണ് റെന്ന പ്രതിഷേധം രേഖപ്പെടുത്തിയത്. ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയാണ് റെന്ന. കൊണ്ടോട്ടി കാളോത്ത് സ്വദേശിയും ഒഴുകൂര്‍ ജി.എം.യു.പി സ്‌കൂള്‍ അദ്ധ്യാപകനുമായ എന്‍.എം. അബ്ദുറഷീദിന്റെയും വാഴക്കാട് ചെറുവട്ടൂര്‍ സ്‌കൂളിലെ അദ്ധ്യാപിക ഖമറുന്നിസയുടെയും മകളാണ്.

ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയുടെ സമരാവേശം ഊതി കത്തിക്കുന്നതില്‍ റെന്നയും കണ്ണൂരില്‍ നിന്നുള്ള ബി.എ അറബിക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ലദീദയും യു.പിക്കാരി ചന്ദ യാദവുമാണ് നേതൃപരമായ പങ്കുവഹിച്ചത്. സമരം തുടങ്ങുന്ന വേളയില്‍ ഉണ്ടായാരുന്നത് നാല് പെണ്‍കുട്ടികള്‍ മാത്രമാണ്. എല്ലാ ഹോസ്റ്റലുകളിലും പോയി വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്.

ആദ്യം അവര്‍ ബാരിക്കേഡ് വച്ച് ഒരു സ്ഥലം ബ്ലോക്ക് ചെയ്തു. പ്രതിഷേധക്കാര്‍ അപ്പോള്‍ വേറൊരു സ്ഥലത്തേക്ക് മാറി. ഞങ്ങള്‍ കുറച്ച് പുറകിലായിരുന്നു. പെട്ടെന്ന് മുന്നിലുള്ള ആള്‍ക്കാര്‍ ഭയങ്കരായിട്ട് അലറിവിളിച്ചുകൊണ്ട് പുറകോട്ട് ഓടിവന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ല. ഞങ്ങളതിന്റെ ഉള്ളില് പെട്ടുപോയി,’ ആയിഷത്ത് റെന്ന അക്രമത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

സമരത്തിന് നേതൃപരമായ പങ്കുവഹിച്ചത് റെന്നയാണ്. അതുകൊണ്ട് പൊലീസ് നോട്ടമിട്ടതെന്ന് പിതാവ് റഷീദ് പറയുന്നു. മകളെ ഓര്‍ത്ത് അഭിമാനം കൊള്ളുകയാണ് ഈ പിതാവ്. മുസ്ലിംകളുടെ അന്തസ് കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായതിനാല്‍ ഒന്നിനെയും മകള്‍ക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് എന്നാണ് അവള്‍ ചോദിക്കുന്നത്. ഞായറാഴ്ച പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ നാട്ടിലേക്ക് മടക്കി അയക്കാന്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും അവള്‍ വഴങ്ങിയില്ല. സമരത്തിന്റെ പാതിവഴിയില്‍ സുഹൃത്തുക്കളെ ഇട്ടേച്ച് പോരാനാവില്ലെന്നായിരുന്നു ഉറച്ച നിലപാട്. രാത്രി ഹോളിഫെയ്ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് ഓഖ്ലയിലെ അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വാട്സ്ആപിലും സമൂഹ മാധ്യമങ്ങളിലും ഫോട്ടോ ഇട്ട് ആഘോഷിക്കാനല്ല സമരം ചെയ്തതെന്നാണ് മകള്‍ പറഞ്ഞത്. സഹപാഠികള്‍ക്കൊപ്പം സമരപാതയില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് റെന്നയുടെ തീരുമാനം. ജമിയ മിലിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാരെയെല്ലാം ലാത്തികൊണ്ട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് മലയാളി വിദ്യാര്‍ത്ഥികളായ ലദീദ, ആയിഷയും. പരിക്കേറ്റിട്ടുണ്ടെന്നും ഒരാള്‍ക്ക് ആസ്മയുള്ളതിനാല്‍ ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞിട്ടും പൊലീസ് ആക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഐ.എ.എസ് സ്വപ്നം കണ്ടു കൊണ്ടു കൂടിയാണ് ആഷിയ ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹിയിലെത്തിയ മകളുടെ സമരാവേശത്തിന് കുടുംബം മുഴുവനും കൂടെയുണ്ട്. കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായ റെന്ന മലപ്പുറം സന്റെ് ജെമ്മാസിലെ പ്ലസ്ടു പഠനത്തിന് ശേഷം ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്താണ് ഡല്‍ഹിയിലെത്തിയത്. ഏക സഹോദരന്‍ മുഹമ്മദ് ശഹിന്‍ ഡല്‍ഹിയില്‍ സ്വന്തമായി കച്ചവടം നടത്തുന്നു. ഭര്‍ത്താവ് സി.എ. അഫ്സല്‍ റഹ്മാന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ്. ഭര്‍ത്താവും റെന്നയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

ജാമിയ മില്ലിയ ഇസ്ലാമിയ സമരത്തിന്റെ ഐക്കണായി മാറിയിട്ടുണ്ട് ആഷിയ. യൂണിവേഴ്സിറ്റിയും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായാണ് പ്രതികരിക്കുന്നതും. യൂണിവേഴ്‌സിറ്റിക്കുള്ളില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചുമെന്ന് സര്‍വ്വകലാശാലാ അധികൃതര്‍. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമായിരുന്നു നടത്തിയതെന്ന് എന്ന വാദമാണ് പൊലീസ് ഉന്നയിക്കുന്നത്. എന്നാല്‍, ക്യാമ്പസിനുള്ളില്‍ പൊലീസ് അനുവാദമില്ലാതെ പ്രവേശിക്കരുതെന്നാണ് സര്‍വ്വകലാശാലയുടെ നിയമം. അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ക്യാമ്പസില്‍ പ്രവേശിച്ചത്. അവര്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ജാമിയ മില്ലിയ പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറയുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തവെയായിരുന്നു പൊലീസ് യൂണിവേഴ്‌സിറ്റിക്കുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പൊലീസ് ക്യാമ്പസിന്റെ പ്രധാന കവാടം അടയ്ക്കുക്കുകയായിരുന്നു. പുറത്തുനിന്നുള്ളവര്‍ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നത് തടയാനാണിതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സര്‍വ്വകലാശാലയ്ക്കുള്ളില്‍ പ്രവേശിച്ച പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ക്യാമ്പസിനുള്ളില്‍നിന്നും നൂറിലധികം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തി. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ വിട്ടയക്കുകയാണ് ചെയ്തത്.

Sharing is caring!