പൗരത്വ ഭേദഗതി നിയമത്തിനെതിരേ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കണമെന്ന് മുസ്ലിംലീഗ്

പൗരത്വ ഭേദഗതി നിയമത്തിനെതിരേ  നല്‍കിയ ഹര്‍ജി സുപ്രീം കോടതി  അടിയന്തിരമായി പരിഗണിക്കണമെന്ന്  മുസ്ലിംലീഗ്

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരേ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ്. ഇക്കാര്യം സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിനു മുന്നില്‍ ആവശ്യപ്പെടും. പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുസ്ലിം ലീഗ് ഉള്‍പ്പെടെ 22 കക്ഷികള്‍ ഇതിനോടകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്ത, ഹര്‍ജികള്‍ ബുധനാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ലീഗിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
ക്രിസ്മസ് പുതുവത്സര അവധികള്‍ക്കായി ബുധനാഴ്ച സുപ്രീം കോടതി പിരിയുകയാണ്. ഹര്‍ജികള്‍ ബുധനാഴ്ചയ്ക്കുള്ളില്‍ കേട്ടില്ലായെങ്കില്‍ ജനുവരി ഒന്നാം വാരം കോടതി തുറന്ന ശേഷം മാത്രമേ കേള്‍ക്കാന്‍ സാധ്യതയുള്ളൂ. ഇതുകൂടി കണക്കിലെടുത്താണ് ഹര്‍ജി വേഗത്തില്‍ പരിഗണിക്കണം എന്ന ആവശ്യം ലീഗ് ഉന്നയിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, അഡ്വ. എം.എല്‍. ശര്‍മ, നിയമവിദ്യാര്‍ഥികള്‍ തുടങ്ങിയവരും ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍, പീസ് പാര്‍ട്ടി, സന്നദ്ധസംഘടനകളായ റിഹായ് മഞ്ച്, സിറ്റിസണ്‍സ് എഗെന്‍സ്റ്റ് ഹേറ്റ് എന്നിവയും പൗരത്വനിയമത്തിനെതിരേ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തീരുമാനിച്ചിട്ടുണ്ട്.

Sharing is caring!