പൗരത്വ ഭേദഗതിബില്‍ ചര്‍ച്ച ചെയ്യാന്‍ സമസ്ത വിളിച്ച മുസ്ലിംസംഘടനകളുടെ യോഗം മുസ്ലിംലീഗ് തടഞ്ഞു

പൗരത്വ ഭേദഗതിബില്‍ ചര്‍ച്ച ചെയ്യാന്‍ സമസ്ത  വിളിച്ച മുസ്ലിംസംഘടനകളുടെ  യോഗം മുസ്ലിംലീഗ് തടഞ്ഞു

മലപ്പുറം: പൗരത്വ ഭേദഗതി ബില്‍ അടക്കം ഗൗരവ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമസ്ത വിളിച്ച മുസ്ലിം സംഘടനകളുടെ യോഗം മുസ്ലിംലീഗ് തടഞ്ഞു. എ പി സുന്നി വിഭാഗത്തെയടക്കം ഉള്‍ക്കൊള്ളിച്ച് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) വിളിച്ച യോഗമാണ് അവസാന നിമിഷം ഒഴിവാക്കിയത്. ഇതില്‍ പങ്കെടുക്കേണ്ട സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളോട് വിട്ടുനില്‍ക്കാന്‍ ഉന്നത ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. തങ്ങളില്ലെന്ന് വന്നതോടെ തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ ശേഷിക്കവെ സമസ്ത നേതാക്കള്‍ യോഗം മാറ്റി.

തിങ്കളാഴ്ച പകല്‍ മൂന്നിന് കോഴിക്കോട്ടായിരുന്നു യോഗം. ഹൈദരലി തങ്ങള്‍ വരില്ലെന്നും യോഗം നടത്തരുതെന്നാണ് താല്‍പ്പര്യമെന്നും പകല്‍ ഒന്നിനാണ് സമസ്തയെ അറിയിച്ചത്. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍, വൈസ് പ്രസിഡന്റും ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഹൈദരലി തങ്ങളുടെ സൗകര്യം കൂടി പരിഗണിച്ചാണ് യോഗം നിശ്ചയിച്ചത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ അടക്കമുള്ള മുഴുവന്‍ മുസ്ലിം സംഘടനാ നേതാക്കളെയും ജിഫ്രി തങ്ങള്‍ ക്ഷണിച്ചു. പൗരത്വബില്ലിനെതിരെ കൂട്ടായ പ്രതിഷേധം, നിയമ നടപടി ഇവ ചര്‍ച്ചചെയ്യുകയായിരുന്നു ലക്ഷ്യം.

രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് പ്രതിഷേധ സമ്മേളനവും സമസ്ത ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ഞായറാഴ്ച രാത്രി പ്രമുഖ സമസ്ത നേതാവിനെ വിളിച്ച് യോഗം നടത്തുന്നതിലുള്ള അതൃപ്തി അറിയിച്ചു. പങ്കെടുക്കാന്‍ സാധ്യതയുള്ള നേതാക്കളെ പിന്തിരിപ്പിക്കാനും ലീഗ് ശ്രമിച്ചു.

Sharing is caring!