അമിത്ഷാ പൗരത്വ ഭേദഗതി ബില്‍അവതരിപ്പിക്കാനിരിക്കെ ബില്ലിനെതിരെ ലോക്സഭയില്‍ അടിന്തര പ്രമേയ നോട്ടീസ് നല്‍കി കുഞ്ഞാലിക്കുട്ടി

അമിത്ഷാ പൗരത്വ ഭേദഗതി  ബില്‍അവതരിപ്പിക്കാനിരിക്കെ  ബില്ലിനെതിരെ ലോക്സഭയില്‍ അടിന്തര പ്രമേയ നോട്ടീസ്  നല്‍കി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കാനിരിക്കെ ബില്ലിനെതിരെ ലോക്സഭയില്‍ അടിന്തര പ്രമേയ നോട്ടീസ് നല്‍കി മുസ്ലീം ലീഗ് ദേശിയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ലോക്സഭയുടെ ഇന്നത്തെ ബിസിനസ്സ് പട്ടികയില്‍ ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബില്ല് അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് അഡ്ജോര്‍മെന്റ് മോഷന്‍ നോട്ടീസ് നല്‍കിയത്.

ബില്ലിനെ ശക്തമായി ചെറുക്കുമെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും വ്യക്താമാക്കിയിരുന്നു. ബില്ലിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധത്തിന് തുടക്കം കുറിച്ച മുസ്ലിം ലീഗ് ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും.

വ്യാപക പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയില്‍ പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ വെക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ലോക്സഭാ നടപടി ക്രമങ്ങളില്‍ ഇന്ന് ഉച്ചക്കു ശേഷം പൗരത്വ ഭേദഗതി ബില്‍ അവതരണം ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. ഇന്നുതന്നെ ചര്‍ച്ച ചെയ്ത് ബില്‍ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

മതത്തിന്റെ പേരില്‍ ഇന്ത്യയെ രണ്ടു തട്ടാക്കി തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. സമാന മനസ്‌കരായ കക്ഷികളുമായി ചേര്‍ന്ന് ബില്ലിനെ ഇരുസഭകളിലും എതിര്‍ക്കുമെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാറിന് മൃഗീയ ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ബില്‍ എളുപ്പത്തില്‍ പാസാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതേസമയം രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുക എളുപ്പമാവില്ല. ബി.ജെ.ഡി, ടി.ആര്‍.എസ് തുടങ്ങിയ എന്‍.ഡി.എ ഇതര കക്ഷികളെ കൂട്ടുപിടിച്ച് വിവാദ ബില്ലുകള്‍ പാസാക്കിയെടുത്ത തന്ത്രം പൗരത്വ ബില്ലിന്റെ കാര്യത്തിലും ബി.ജെ.പി പയറ്റുമോ എന്നതാണ് പ്രധാന ഉത്കണ്ഠ. ശിവസേന ഉള്‍പ്പെടെയുള്ള കക്ഷികള്‍ കൂടി ഇത്തവണ മറുപക്ഷത്ത് നില്‍ക്കുന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

മുസ്്ലിംകള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്‍ ഒരു മതവിഭാഗത്തെ മാത്രം വേട്ടയാടാനുള്ള ആയുധമാക്കി ബി.ജെ.പി മാറ്റുകയാണെന്നാണ് ആക്ഷേപം. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് മുസ്്ലിംകളെ മാത്രം ഇന്ത്യയില്‍നിന്ന് പുറത്താക്കാന്‍ വിഭാവനം ചെയ്യുന്ന ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്ലിനെതിരെ അമര്‍ഷം ശക്തമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വര്‍ഗ മേഖലകളെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവിടെയുള്ള ജനങ്ങളുടെ ആശങ്ക പൂര്‍ണമായി നീങ്ങിയിട്ടില്ല. മുസ്്ലിംകളെ മാത്രമാണ് ഇതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി മുസ്്ലിം ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്ന് ആട്ടിപ്പായിക്കാനുള്ള ആയുധമാണ് ബി.ജെ.പി ബില്ലിന്റെ മറവില്‍ പണിപ്പുരയില്‍ ഒരുക്കുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്‍കൈയെടുത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് പ്രതിഷേധം തണുപ്പിക്കാന്‍ ഗോത്ര മേഖലകളെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്.

അസം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകള്‍ക്കും ഭരണഘടനയുടെ ആറാം പട്ടികയില്‍ പറയുന്ന അരുണാചല്‍പ്രദേശ്, നാഗാലാന്റ്, മിസോറാം സംസ്ഥാനങ്ങളിലെ ഇന്നര്‍ലൈന്‍ റെജിമിലും നിര്‍ദിഷ്ട നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നാണ് ബില്ലില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 2014ലേയും 2019ലേയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. 2016ല്‍ നിയമ ഭേദഗതിക്കായി ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Sharing is caring!